ഐക്യനീക്കത്തിൽ നിന്ന് പിന്മാറ്റം; എൻഎസ്എസിന് മറുപടി നൽകാൻ എസ്എന്‍ഡിപി
വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും

കോട്ടയം: ഐക്യനീക്കത്തിൽ നിന്ന് പിന്‍മാറിയ എൻഎസ്എസിന് മറുപടി നൽകാൻ എസ്എന്‍ഡിപി.ഇക്കാര്യത്തിൽ നിലപാട് പറയാൻ എസ്എന്‍ഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. അതിനു ശേഷം സുകുമാരൻ നായരും പ്രതികരിച്ചേക്കും. എന്‍എസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് എസ്എന്‍ഡിപിയുമായുള്ള ഐക്യ ആഹ്വാനത്തിൽ നിന്നും എന്‍എസ്എസ് നേതൃത്വം പിൻവാങ്ങിയത്. ഭൂരിഭാഗം അംഗങ്ങളും നീക്കത്തെ എതിർത്തതാണ് എന്‍എസ്എസിന്‍റെ തീരുമാനത്തിന് കാരണം.
എസ്എന്‍ഡിപിയുമായി കൈകോർത്താൽ സമദൂര നിലപാട് സംശയിക്കപ്പെടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഒരു പോലെ രംഗത്ത് വന്ന ഇരുനേതാക്കളെയും പരോക്ഷമായി വിമർശിച്ച് പെരുന്നയിൽ ഫ്ലക്സ് ബോർഡ് ഉയർന്നു.'വർഗീയതക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവിന് അഭിവാദ്യമെന്നാണ്' ഫ്ളക്സിലുള്ളത്. കെഎസ്‍യു,യൂത്ത് കോൺഗ്രസ്, സേവാദൾ എന്നിവരുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
Adjust Story Font
16

