നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എങ്ങനെ അറിയും? സൂരജ് ലാമയുടെ തിരോധാനത്തിൽ ഹൈക്കോടതിയുടെ വിമര്‍ശനം
കിട്ടിയ മൃതദേഹം സൂരജ് ലാമയുടെ അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണമെന്നും കോടതി

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നഗരത്തിൽ നിരീക്ഷണമില്ലാതെ ഒരു സ്ഥലം എങ്ങനെ ഉണ്ടാവുന്നു. നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എങ്ങനെ അറിയും? കിട്ടിയ മൃതദേഹം സൂരജ് ലാമയുടെ അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണമെന്നും കോടതി പറഞ്ഞു.
ജുഡീഷൽ സിറ്റി വരാൻ പോകുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മൂക്കിൻ്റെ തുമ്പത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചു. ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയത്.
പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റി. പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിൻ്റെ സമീപത്ത് നിന്നാണ് ഇപ്പൊൾ ബോഡി കിട്ടിയത്. മൃതദേഹം പിതാവിൻ്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാൻ്റൻ ലാമ പറഞ്ഞു.
അതേസമയം കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കുവൈത്ത് മദ്യ ദുരന്തത്തിനിരയായ സൂരജ് ലാമയുടേതാണോ എന്ന ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. സൂരജ് ലാമയുടെ കുടുംബത്തോട് ഇന്ന് കേരളത്തിൽ എത്താൻ പൊലീസ് നിർദേശം നൽകിയിരുന്നു.
Adjust Story Font
16

