'സത്യം തെളിയുമെന്ന് പ്രതീക്ഷ, തന്നെ കുടുക്കിയതിൽ എക്സൈസിനും പങ്ക്'; വ്യാജ ലഹരി കേസിന് ഇരയായ ഷീലാ സണ്ണിയുടെ മൊഴിയെടുത്തു
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഷീലാ സണ്ണിയുടെ മൊഴിയെടുത്തത്.

തൃശൂർ: സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാജ ലഹരി കേസിന് ഇരയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി. തന്നെ കുടുക്കിയതിനു പിന്നിൽ എക്സൈസിന് പങ്കുണ്ടെന്നും കേസ് കാരണം ജീവിതം തകർന്നെന്നും ഷീലാ സണ്ണി പറഞ്ഞു. കേസിൽ മൊഴിയെടുപ്പിന് ശേഷമാണ് പ്രതികരണം. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഷീലാ സണ്ണിയുടെ മൊഴിയെടുത്തത്.
അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷീല പറഞ്ഞു. തന്റെയും ഭർത്താവിന്റേയും മൊഴിയാണ് പുതിയ അന്വേഷണം സംഘം രേഖപ്പെടുത്തിയത്. പറയാനുള്ളതൊക്കെ വിശദമായി പറഞ്ഞിട്ടുണ്ട്. വ്യാജ ലഹരി കേസ് തന്നെ വലിയ രീതിയിൽ ബാധിച്ചു. ബ്യൂട്ടി പാർലറായിരുന്നു ജീവിതോപാധി. കേസിനെ തുടർന്ന് അതുമായി മുന്നോട്ടുകൊണ്ടുപോകാനായില്ല. സാധാരണ ഒരു സ്ത്രീ ജയിലിൽ പോയാൽ അതവരുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാമല്ലോ എന്നും ഷീലാ സണ്ണി ചോദിച്ചു.
ഷീലയ്ക്ക് പറയാനുള്ളതൊക്കെ രേഖപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എക്‌സൈസ് ഒരാളെയാണ് പ്രതി ചേർത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷീലാ സണ്ണിയുടെ വാഹനത്തിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസ് എന്നയാളാണ് ഇതുസംബന്ധിച്ച് വിവരം നൽകിയതും തുടർന്ന് എക്‌സൈസ് പരിശോധന നടത്തിയതും. കേസിൽ എക്‌സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിച്ചത്. അന്വേഷണം നടത്തണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്നത്തെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തി. തുടർന്നാണ് ചെന്നൈയിലായിരുന്ന ഷീലാ സണ്ണിയെ നാട്ടിലേക്ക് വിളിച്ചുവരുത്തി ചാലക്കുടിയിലെ ഫ്‌ളാറ്റിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂർത്തിയായത്. നാരായണ ദാസ് എന്തിന് വ്യാജ ലഹരിവസ്തു വച്ചു എന്നതടക്കം കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
Adjust Story Font
16

