കേരളപ്പിറവിക്ക് സ്‌പെഷൽ അരി; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 500ലധികം കേന്ദ്രങ്ങളിൽ സൗജന്യനിരക്കിൽ നാലിന അരി വിതരണം ചെയ്യും

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ കാർഡ് ഉടമകൾക്കും സ്‌പെഷൽ അരി ലഭ്യമാക്കും. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെയാണ് സർക്കാർ ഉത്തരവ്.
വെള്ള, നീല കാർഡ് ഉടമകൾക്ക് എട്ടു കിലോ അരി സ്‌പെഷലായി 10.90 രൂപ നിരക്കിൽ നൽകും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 500ലധികം കേന്ദ്രങ്ങളിൽ സൗജന്യനിരക്കിൽ നാലിന അരി വിതരണം ചെയ്യും. സപ്ലൈക്കോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ കൂടുതൽ ഇടപെടുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഇന്ന് അറിയിച്ചിരുന്നു. ആന്ധ്രയിൽനിന്ന് കൂടുതൽ അരി എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. നാളെ ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്ത് അരിയുടെയും പച്ചക്കറിയുടെയും വില കുതിച്ചുയരുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ. മറ്റ് സംസ്ഥാനങ്ങളിൽ വിലകൂടിയത് കേരളത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. പച്ചക്കറിയുടെ വില പിടിച്ചുനിർത്തുന്ന കാര്യം കൃഷിമന്ത്രിയുമായി ചർച്ച ചെയ്യും. കൂടുതൽ അരി എത്തിക്കുന്ന കാര്യത്തിൽ ആന്ധ്രയിലെ ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി നാളെ രാവിലെ 11.30ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചർച്ച നടക്കുന്നുണ്ട്.
ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോൾസെയിൽ വില. എന്നാൽ, ഇപ്പോൾ അത് എട്ട് രൂപ കൂടി 57ലേക്കെത്തി. ചില്ലറ വ്യാപാരികളിൽനിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ 60 രൂപയ്ക്ക് മുകളിൽ നൽകണം. കർണാടകയിൽനിന്നുള്ള ജയ അരിയുടെ വിലയും നാലുരൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോൾസെയിൽ വില. മറ്റ് ബ്രാൻഡുകൾക്കും വില കൂടിയിട്ടുണ്ട്. അരിവില കുതിച്ചുയർന്നതോടെ സാധാരണക്കാർക്കൊപ്പം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വ്യാപാരം പറ്റേ കുറഞ്ഞു.
വിളവെടുപ്പിൽ കാര്യമായ ഇടിവുണ്ടായതാണ് അരിവില കൂടാൻ കാരണമെന്നാണ് മില്ലുടമകൾ പറയുന്നത്. മില്ലുടമകൾ വീണ്ടും വില കൂട്ടിച്ചോദിക്കുന്നതിനാൽ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കുന്നില്ല.
Summary: As part of measures to control rice prices the Kerala state government will provide special rice to all card holders on the occasion of Keralappiravi day on November One
Adjust Story Font
16

