Quantcast

ശ്രീധരൻ ദൈനംദിന രാഷ്ട്രീയക്കാരനല്ല, സേവനം ആഗ്രഹിക്കുന്നു: കെ സുരേന്ദ്രൻ

"ഇടക്കാലത്ത് അദ്ദേഹം ബിജെപിയുടെ അഭ്യർത്ഥന മാനിച്ച് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു"

MediaOne Logo

Web Desk

  • Published:

    16 Dec 2021 10:43 AM GMT

ശ്രീധരൻ ദൈനംദിന രാഷ്ട്രീയക്കാരനല്ല, സേവനം ആഗ്രഹിക്കുന്നു: കെ സുരേന്ദ്രൻ
X

സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീധരൻ ദൈനംദിന രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹത്തിന്റെ സേവനം തുടർന്നും ആഗ്രഹിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

'ശ്രീധരന്റെ പ്രസ്താവന ഞാൻ കേട്ടിട്ടില്ല. അദ്ദേഹം സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കുന്നു. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിലപാട് പാർട്ടി സ്വീകരിച്ചത് അദ്ദേഹത്തിന്റെ കൂടി അഭിപ്രായങ്ങൾ കേട്ടുകൊണ്ടാണ്. അദ്ദേഹം ആ രംഗത്ത് വൈദഗ്ധ്യമുള്ളയാളാണ്. ഇ ശ്രീധരൻ ഡേ ടു ഡേ രാഷ്ട്രീയക്കാരനല്ല. അദ്ദേഹം സാങ്കേതിക വിദഗ്ധൻ എന്ന നിലയിലാണ് ജനങ്ങൾക്ക് ഇത്രയും കാലം സേവനം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇടക്കാലത്ത് അദ്ദേഹം ബിജെപിയുടെ അഭ്യർത്ഥന മാനിച്ച് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സേവനം പാർട്ടി ആഗ്രഹിക്കുന്നതു കൊണ്ടാണ് ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമവാർത്തകൾ എന്തൊക്കെ ആയാലും തുടർന്നും അദ്ദേഹത്തിന്റെ സേവനം ലഭിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്.' - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

'സംസ്ഥാനത്ത് ഗുരുതരമായ അഴിമതികൾ നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് ദുരിതകാലത്ത് പിപിഇ കിറ്റു വാങ്ങിയതിൽ അടക്കം കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ടീച്ചറമ്മ ഉറങ്ങുന്നില്ല എന്നൊക്കെ പറഞ്ഞ് ആളുകളെ കബളിപ്പിച്ച വഞ്ചകരല്ലേ ഇവിടത്തെ സിപിഎം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ പണമാണ് നിർലജ്ജം കൊള്ളയടിച്ചത്. പിണറായി വിജയൻ അന്വേഷണത്തിന് ഉത്തരവിടണം.'- അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിടുകയാണ് എന്നുമായിരുന്നു ശ്രീധരൻ പറഞ്ഞിരുന്നത്. രാഷ്ട്രീയപ്രവർത്തകനല്ല, രാഷ്ട്രസേവകൻ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പിൽ മൽസരിച്ചതും. മൽസരിച്ചതിൽ നിരാശയില്ല, പലതും പഠിക്കാനായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശ്രീധരൻ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനോടാണ് പരാജയപ്പെട്ടത്.

TAGS :

Next Story