Quantcast

'പുഷ്പവതിയെ എനിക്കറിയില്ല,അടൂർ സംസാരിക്കുമ്പോൾ പ്രതിഷേധിച്ചത് ആളാവാൻ'; ശ്രീകുമാരൻ തമ്പി

'ചാലയിലെ തൊഴിലാളികൾ മാത്രമല്ല, ഒരുപാട് പേർ സെക്‌സ് കാണാൻ മാത്രം ഫിലിം ഫെസ്റ്റിവലില്‍ എത്താറുണ്ട്'

MediaOne Logo

Web Desk

  • Published:

    5 Aug 2025 9:35 AM IST

പുഷ്പവതിയെ എനിക്കറിയില്ല,അടൂർ സംസാരിക്കുമ്പോൾ പ്രതിഷേധിച്ചത് ആളാവാൻ; ശ്രീകുമാരൻ തമ്പി
X

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ശ്രീകുമാരന്‍ തമ്പി.ഗായിക പുഷ്പവതിയെ എനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ പാട്ടുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'അടൂര്‍ ഗോപാകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്ന സമയത്ത് അതിനിടയില്‍ കയറി പ്രതിഷേധിക്കുന്നത് ആളാകാന്‍ വേണ്ടിയാണ്. അവരെ എല്ലാവരും അറിഞ്ഞില്ലേ. വേണമെങ്കില്‍ അടൂരിന്‍റെ പ്രസംഗം കഴിഞ്ഞശേഷം കാര്യങ്ങള്‍ പറയാമായിരുന്നു. എനിക്കും പുഷ്പവതിയെ അറിയില്ലായിരുന്നു. ഒരിക്കല്‍ എറണാകുളത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അവരെ ആദ്യം കാണുന്നത്. ഒരു ഫോട്ടോ എടുക്കേട്ടെ എന്ന് ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവാണ് അവര്‍ നാടന്‍പാട്ടുപാടുന്ന ആളാണെന്ന് പറഞ്ഞത്. അത് എന്‍റെ അറിവില്ലായ്മയായിരിക്കും'. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

'ചാല തൊഴിലാളികളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലും അടൂരിനോട് പൂര്‍ണമായും യോജിക്കുന്നു. മലയാളികൾക്ക് ലൈംഗിക ദാരിദ്രമുണ്ട്.ചാലയിലെ തൊഴിലാളികൾ മാത്രമല്ല, ഒരുപാട് പേർ സെക്‌സ് കാണാൻ മാത്രം ഫിലിം ഫെസ്റ്റിവലില്‍ എത്താറുണ്ട്. വിദേശ സിനിമകളില്‍ മാത്രമേ അന്ന് അത്തരം രംഗങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമകളിലും ഇത്തരം രംഗങ്ങളുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ആരോപണം നടത്തിയവർ തന്നെ അത് പിൻവലിച്ചു.സിനിമ വ്യവസായത്തെ പൂർണമായി നിയന്ത്രിക്കാൻ ഗവൺമെന്റിന് സാധ്യമല്ല. കോടികൾ മുടക്കുന്ന വ്യവസായത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല.സിനിമ നയത്തിൽ വലിയ പ്രതീക്ഷ ഒന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്ത്രീയാണെന്നത് കൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സിനിമ നിര്‍മാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെയാണ് പരാമര്‍ശം.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നല്‍കുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സര്‍ക്കാര്‍ പണം നല്‍കേണ്ടതെന്നും അടൂര്‍ പറഞ്ഞു. ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് എന്തോക്കൊയോ പറഞ്ഞു. അവര്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയാണ്. ആരാണെന്ന് എനിക്ക് അറിയില്ല. ഈ രംഗത്തൊന്നും ഇല്ലാത്ത ആളാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നെ തടസപ്പെടുത്തി സംസാരിക്കുകയായിരുന്നുവെന്നുമാണ് ഗായിക പുഷ്പവതിയുടെ പ്രതിഷേധത്തെക്കുറിച്ച് അടൂര്‍ പറഞ്ഞത്.


TAGS :

Next Story