'ശ്രീകോവിലിനുള്ള വാതിൽ ബംഗളൂരുവിൽ നിർമിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം'; ദാരുശിൽപി നന്ദകുമാർ
വിവാദമുണ്ടായതിന് നാല് ദിവസം മുമ്പേ ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചെന്നും അതില്‍ അസ്വാഭാവികത തോന്നിയെന്നും നന്ദകുമാര്‍

തൃശൂര്‍: ശബരിമല ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബംഗളൂരുവിലെന്ന് ഗുരുവായൂർ സ്വദേശിയായ ദാരുശിൽപി നന്ദകുമാർ ഇളവള്ളി.വാതിൽ നിർമിച്ചത് നന്ദകുമാർ ഇളവള്ളിയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് വാതിൽ നിർമിച്ചതെന്ന് നന്ദകുമാർ പറഞ്ഞു.വാതിൽ തയ്യാറാക്കിയത് ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലും ചെമ്പ് പൊതിഞ്ഞത് ഹൈദരാബാദിലും സ്വർണം പൂശിയത് ചെന്നൈയിലുമാണ്. വിവാദമുണ്ടായതിന് നാല് ദിവസം മുമ്പേ ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിരുന്നു. വാതിലിനിടയിൽ ചെമ്പ്പാളി വച്ചിരുന്നോ എന്ന് ചോദിച്ചുവെന്നും നന്ദകുമാർ പറയുന്നു. ആ വിളിയിൽ അസ്വാഭാവികത തോന്നിയെന്നും നന്ദകുമാർ പറയുന്നു.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ദേവസ്വം വിജിലൻസ് ആണ് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണപ്പാളി കൈമാറിയതിൽ ഗുരുതര ഉദ്യോഗസ്ഥ വീഴ്ചയുണ്ടായത് വ്യക്തമാക്കുന്ന മഹസറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
2019 ജൂലൈ 20ന് പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. സെപ്റ്റംബർ 11ന് പാളി പുനഃസ്ഥാപിച്ചപ്പോൾ മഹസറിൽ തൂക്കം രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ട് വട്ടം പാളികൾ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
Adjust Story Font
16

