Quantcast

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ

കേസിൽ വിചാരണ നേരിടുന്നയാളെ കോടതി വിധി വരുന്നതിനു മുൻപുതന്നെ ഉന്നത പദവിയിൽ നിയമിച്ചത് അനുചിതമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ വിമർശിച്ചു

MediaOne Logo

Web Desk

  • Published:

    24 July 2022 2:50 PM GMT

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ
X

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ). കേസിൽ വിചാരണ നേരിടുന്നയാളെ കോടതി വിധി വരുന്നതിനു മുൻപുതന്നെ ഉന്നത പദവിയിൽ നിയമിച്ചത് അനുചിതമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ വിമർശിച്ചു.

കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂനിയൻ ശക്തമായി പ്രതിഷേധിക്കുകയാണ്. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂനിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കലക്ടറായാണ് നിയമിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കെ.എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതിവിധി വരുന്നതിനു മുൻപുതന്നെ കേസിലെ ഒന്നാം പ്രതിയെ കലക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുനഃപരിശോധിക്കണമെന്ന് യൂനിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Summary: KUWJ condemned the appointment of Sriram Venkitaraman as Alappuzha Collector

TAGS :

Next Story