SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ
4,25,000 കുട്ടികൾ പരീക്ഷ എഴുതും

തിരുവനന്തപുരം: കേരളത്തിൽ SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ 30 വരെ നടക്കും. 4,25,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 16-20 വരെ മോഡൽ പരീക്ഷകൾ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷയും പരീക്ഷ ഫീസും പിഴകൂടാതെ അടക്കേണ്ട അവസാന തീയ്യതി. 2026 മെയ് 8നാണ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കുന്നത്.
പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടൂ മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതും. ഒന്നാം വർഷ പൊതു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും രണ്ടാം വർഷ പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പിഴയില്ലാതെ ഫീസ് അടക്കേണ്ട ആവാസന തീയതി നവംബർ ഏഴാണ്. രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്‌സിന് രജിസ്റ്റർ ചെയ്ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ളൂ. ഹയർ സെക്കണ്ടറിയിൽ ഫൈനില്ലാതെ ഫീസ് അടക്കേണ്ട അവസാന തീയതി 2025 നവംബർ ഏഴും ഫൈനോടെ ഫീസ് അടക്കേണ്ട അവസാന തീയതി നവംബർ 13മാണ്. സൂപ്പർ ഫൈനോടെ ഫീസ് അടക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.
ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതുമെന്ന് കരുതുന്നു. രണ്ടായിരത്തി ഇരുപത്തിയാറിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ചേർത്ത് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. മൂല്യനിർണ്ണയം 2026 ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷം റെഗുലർ വിഭാഗത്തിൽ 26,822 വിദ്യാർത്ഥികളും രണ്ടാം വർഷം 26,826 വിദ്യാർത്ഥികളും പരീക്ഷ എഴുതും. രണ്ടാം വർഷ സ്‌കിൽ ഇവാലുവേഷൻ2026 ജനുവരിയിൽ പൂർത്തിയാക്കും. ഒന്നാം വർഷ സ്‌കിൽ ഇവാലുവേഷൻ ജനുവരി അവസാനവാരം ആരംഭിക്കും. പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കി വിശദമായ ടൈംടേബിൾ അതോടൊപ്പം ഉൾപ്പെടുത്തും.
Adjust Story Font
16

