Quantcast

സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണം: മുസ്‌ലിം എംപ്ളോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ

''കേരളീയ ബഹുസ്വരതക്കെതിരെ ആപൽക്കരമായ വെല്ലുവിളി ഉയർത്തുന്ന വാക് വിലാസത്തെ സരസ്വതി വിലാസമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്''

MediaOne Logo

Web Desk

  • Published:

    10 Jan 2026 7:49 PM IST

സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണം: മുസ്‌ലിം എംപ്ളോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ
X

തിരുവനന്തപുരം: കർണാടക സർക്കാർ മോഡലില്‍ സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണമെന്ന് മുസ്‌ലിം എംപ്ളോയീസ് കള്‍ച്ചറൽ അസോസിയേഷൻ (മെക്ക).

മുസ്‌ലിം മത വിദ്വേഷ പ്രചാരണം സാർവത്രികമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയ-സമുദായ-മത നേതാക്കളെ നിരുപാധികം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ഇത് അവസാനിപ്പിക്കമെന്നും മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ.പി.നസീർ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2025 ഏപ്രിൽ 5നും ഡിസംബർ 16നും ഇടക്ക് 60 പ്രാവശ്യമാണ് വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ ഇറക്കിയത്. കേരളീയ ബഹുസ്വരതക്കെതിരെ ആപൽക്കരമായ വെല്ലുവിളി ഉയർത്തുന്ന വാക് വിലാസത്തെ സരസ്വതി വിലാസമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രഭാഷണം നടത്തിയിട്ടുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ അതിഥിയായി കൊണ്ടുവരാൻ ശ്രമം നടത്തിയതിലൂടെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ അദ്ദേഹം അങ്ങേയറ്റം അവമതിക്കുകയാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ പിന്നാക്ക ന്യൂനപക്ഷ മത വിഭാഗങ്ങളാണ് ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതികരിച്ചത്.

കേരളീയ സമൂഹം മറക്കുകയും പൊറുക്കുകയും, ഇനിയൊട്ട് സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന മാറാട് പോലുള്ള സംഭവങ്ങൾ കേരളത്തിൽ ഇനിയും ആവർത്തിക്കുമെന്ന് വിളിച്ചോതിക്കൊണ്ടിരിക്കുന്നത് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയാണെന്നത് പൊതുജനങ്ങളിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു'- അദ്ദേഹം പറഞ്ഞു.

ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.ഇ.അബ്ദുൽ റഷീദ്, ദേശീയ ട്രഷറർ ക്യാപ്റ്റൻ അബ്ദുല്ല കോയ, ജനറൽ സെക്രട്ടറി എൻ.കെ.അലി, ഡോ. എ.നിസാറുദ്ദീൻ തിരുവനന്തപുരം, എ.എ.ലത്തീഫ് കൊല്ലം, പ്രൊഫ. അബ്ദുൾ റഷീദ് ഈരാറ്റുപേട്ട, പി.എസ് അഷ്റഫ് ആലപ്പുഴ, അബ്ദുൾ സലാം ക്ലാപ്പന, നസീബുള്ള മാസ്റ്റർ തൃശൂർ തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story