'പ്രസ്താവന മലപ്പുറത്തെ അവഹേളിക്കുന്നത്': സിപിഎം നേതാവ് പി. നന്ദകുമാറിനെതിരെ സമസ്തയുടെ പ്രമേയം
വസ്തുതകൾക്ക് നിരക്കാത്ത പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂവെന്ന് സമസ്ത

കോഴിക്കോട്: മലപ്പുറം ജില്ലയെ അവഹേളിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ സിപിഎം നേതാവ് പി. നന്ദകുമാറിനെതിരെ സമസ്ത. നന്ദകുമാറിന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.
വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ എന്ന് യോഗം വിലയിരുത്തി. രാജ്യത്ത് വർഗീയ കലഹങ്ങൾ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്ന് നിഷ്പക്ഷമതികൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും, ജില്ലയുടെ ഈ മാതൃക തുടർന്നും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും സമസ്ത അഭ്യർത്ഥിച്ചു.
അതേസമയം വോട്ടർ പട്ടികയിൽ ചട്ടങ്ങൾ ലംഘിച്ച് മാറ്റങ്ങൾ വരുത്തുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തൽസ്ഥാനം രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ ചട്ടുകമായി മാറാൻ പാടില്ലെന്ന് സമസ്ത ഓർമ്മിപ്പിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.പി. ഉമർ മുസലിയാർ കൊയ്യോട്, കെ. ഉമർ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Watch Video Report
Adjust Story Font
16

