Quantcast

'പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം'; പാല ബിഷപ്പിന്‍റെ 'നാര്‍ക്കോട്ടിക് ജിഹാദിനെ' തള്ളി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

'മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്‍റെയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു'

MediaOne Logo

ijas

  • Updated:

    2021-09-10 05:01:08.0

Published:

10 Sep 2021 4:39 AM GMT

പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം; പാല ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദിനെ തള്ളി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
X

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്‍റെയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ് ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നായിരുന്നു. അതിന്‍റെ വാലുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ന് കുഴപ്പമുണ്ടാക്കിയ ഇതേ ബിഷപ്പ് വര്‍ധിക്കുന്ന മുസ്‍ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. അക്കാര്യം ജനം പുച്ഛിച്ചു തള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ഇയാള്‍ വീണ്ടും രംഗത്തു വരുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കുവാനുള്ള നിര്‍ബന്ധിത ശ്രമം കേരള മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെയും സമുദായത്തിന്‍റെയും അധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രം നിയോഗിതരായിട്ടുള്ള മെത്രാന്മാരും മറ്റു പുരോഹിതരും വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി അപ്പാടെ പൊളിച്ചെഴുതി വിശ്വാസ സമൂഹത്തിലേക്ക് അധികാരങ്ങള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടാകുമ്പോഴെ മെത്രാന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളുവെന്നും ഫെലിക്സ് ജെ. പുല്ലൂടന്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്‍റെ വര്‍ഗീയ പരാമര്‍ശം.

TAGS :

Next Story