'ഭാഷാ വിവേചനം അവസാനിപ്പിക്കണം'; നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ രാഹുൽ ഗാന്ധി
ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ജോലിസമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കിയ ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരുടെ സർക്കുലറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിച്ച് മാപ്പ് പറയണമെന്ന് നഴ്സസ് യൂനിയനും ആവശ്യപ്പെട്ടു. തൊഴിൽ സമയത്ത് നഴ്സിങ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതർ മലയാളത്തിന് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കിയത്. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സർക്കുലറിനെതിരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഉള്ള മലയാളി നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
Adjust Story Font
16

