Quantcast

ബീമാപ്പള്ളി: ചാപ്പകുത്തിയ ഒരു ദേശത്തിന്റെ കഥ

2009 മെയ് 17 നാണ് ബീമാപ്പള്ളില്‍ ആറുപേരെ പൊലീസ് വെടിവെച്ചുകൊന്നത്. പ്രദേശത്തെ ലാറ്റിന്‍ കത്തോലിക് വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നും ഇത് പൊലീസിനെ വെടിവെപ്പിന് നിര്‍ബന്ധിതമാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പ്രദേശത്തെ ചെറിയ വഴക്ക് പൊലീസ് വെടിവെപ്പിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് വസ്തുകള്‍ പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-16 10:31:10.0

Published:

16 July 2021 8:39 AM GMT

ബീമാപ്പള്ളി: ചാപ്പകുത്തിയ ഒരു ദേശത്തിന്റെ കഥ
X

മുഖ്യധാരയില്‍ നിഗൂഢതയുടെ മുഖംമൂടി അണിയിച്ചു മാത്രം അവതരിപ്പിക്കപ്പെടാറുള്ള ദേശത്തിന്റെ പേരാണ് ബീമാപ്പള്ളി. ഔദ്യോഗിക സംവിധാനങ്ങള്‍ ചില പ്രത്യേക വിശേഷണങ്ങള്‍കൊണ്ട് മാത്രം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിലാണ് ബീമാപ്പള്ളിയും അവിടത്തെ ജനങ്ങളും പൊതുസമൂഹത്തിന് മുമ്പാകെ നില്‍ക്കുന്നത്. ഭരണകൂടവും പൊലീസും നടത്തുന്ന ഏത് അതിക്രവും അവര്‍ അര്‍ഹിക്കുന്നതാണെന്ന മുന്‍വിധിയും നിലനില്‍ക്കുന്നു. മഹേഷ് നാരായണന്റെ മാലിക് സിനിമയുടെ വരവോടെ ബീമാപ്പള്ളി വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. പുറമ്പോക്കില്‍ നിര്‍ത്തപ്പെട്ട ഒരു ദേശത്തെയും അവിടത്തെ ജനതയേയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കോര്‍ത്തിണക്കി കൂടുതല്‍ അപരവത്കരിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനമാണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. ഭരണകൂട അവഗണനയുടെയും പൊലീസ് വേട്ടയുടെയും വേദനകള്‍ പേറുന്ന മുഖമാണ് യഥാര്‍ത്ഥത്തില്‍ ബീമാപ്പള്ളിയുടേത്. വര്‍ത്തമാനകാല അപരവത്കരണത്തിന് മുമ്പ് സമ്പന്നമായ ചരിത്രവും പൈതൃകവുമുള്ള ഇടം കൂടിയാണ് ബീമാപ്പള്ളി.

ബീമാപ്പള്ളിയുടെ ചരിത്രം

ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക് ബിന്‍ ദിനാറിനു ശേഷം കടന്നുവന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെ മാതാവ് ബീമാ ബീവിയുടെ പേരിലാണ് ബീമാപ്പള്ളി അറിയപ്പെടുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിത്തിരിഞ്ഞ ഇവര്‍ ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തുവത്രേ. മാര്‍ത്താണ്ഡവര്‍മ്മ(ക്രിസ്താബ്ദം 1478-1528)യുടെ രാജവാഴ്ച തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കാലമായിരുന്നു അതെന്നാണ് ചരിത്രരേഖകളും വാമൊഴികളും പറയുന്നത്. വിദഗ്ധനായ ഹാക്കിം (വൈദ്യന്‍) ആയിരുന്ന മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കന്‍ തിരുവിതാംകൂറില്‍ വ്യാപിച്ചു.

ബീമാ ബീവിയുടെ ദര്‍ഗ

വിദേശികളായ ബീമാ ബീവിയും മകനും കരം നല്‍കണം എന്നായിരുന്നു രാജഭരണകൂടത്തിന്റെ ഉത്തരവ്. എന്നാല്‍ ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിനു മാത്രമേ കരം നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് നികുതി പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് പോരാടുകയാണ് മാഹിന്‍ അബൂബക്കര്‍ ചെയ്തത്. മാഹിന്‍ അബൂബക്കര്‍ ഹജ്ജിനുവേണ്ടി മക്കയില്‍ പോയ സന്ദര്‍ഭത്തില്‍ രാജാവ് വീണ്ടും തന്റെ സന്ദേശം ബീമാ ബീവിയെ വിളിച്ചു കേള്‍പ്പിച്ചു. കരം നല്‍കിയില്ലെങ്കില്‍ നാടു കടത്തുമെന്നായിരുന്നു രാജാവിന്റെ ഭീഷണി. ആവശ്യം നിരസിച്ച ബീവിയുടെ നിലപാട് രാജഭൃത്യരെ പ്രകോപിപ്പിച്ചു. മാഹിന്‍ അബൂബക്കര്‍ മക്കയില്‍ നിന്നും തിരിച്ചുവന്ന ഉടനെ അദ്ദേഹത്തെ നേരിടാനാണ് രാജാവ് തുനിഞ്ഞത്. ഇതിനെത്തുടര്‍ന്ന് രാജകീയ സൈന്യത്തിലെ പടയാളികളും കുന്തവും കുറുവടിയുമേന്തിയവരും കൈകോര്‍ത്ത് രംഗത്തിറങ്ങി. നാടുനീളെ കൊള്ളയും കൊള്ളിവെപ്പും നടത്തി.ഈ അക്രമം അമര്‍ച്ച ചെയ്യാനും മതപ്രചാരണ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാഹിന്‍ അബൂബക്കറും തന്റെ അനുയായികളുമായി യുദ്ധത്തിനിറങ്ങി. യോദ്ധാക്കളോ ആയുധ പരിശീലനം നേടിയവരോ അല്ലാത്ത മാഹിന്‍ അബൂബക്കറിനെയും അനുയായികളെയും ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തി. മകന്റെ വേര്‍പാടിലുള്ള ദുഃഖം തളര്‍ത്തിയ ബീമാ ബീവിയും 40 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. ഇവരെ ഖബറടക്കിയ സ്ഥലമാണ് പിന്നീട് ബീമാപ്പള്ളിയായി മാറിയത്. രോഗശമനത്തിന് ഈ പള്ളിയില്‍ വന്നുള്ള പ്രാര്‍ഥന ഉത്തമമാണ് എന്നാണ് വിശ്വാസം.

ബീമാപ്പള്ളി ഉറൂസ്

ബീമാപള്ളിയിലെ ആണ്ടു നേര്‍ച്ചയാണ് ഉറൂസ് മഹോല്‍സവം എന്നറിയപ്പെടുന്ന ചന്ദനക്കുടം മഹോല്‍സവം. ബീമാ ബീവിയുടെ ഓര്‍മയാചരണം ഓരോ വര്‍ഷവും ആഘോഷപൂര്‍വം നടത്തിവരുന്നു. ഹിജ്‌റ കലണ്ടറിലെ ജമാദുല്‍ ആഖിര്‍ മാസം ഒന്നു മുതല്‍ പത്തു വരെ തിയതികളിലാണ് ഉറൂസ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഉറൂസ് മഹോല്‍സവം കാണാനും നേര്‍ച്ചക്കാഴ്ചകള്‍ നിറവേറ്റാനുമായി ബീമാപള്ളിയിലെത്തുന്നു. ഈ നാളുകളില്‍ ബീമാ ബീവിയും മകനും പള്ളിയുടെ ചുറ്റിനും പ്രദക്ഷിണം നടത്തുമെന്നാണ് വിശ്വാസം. പട്ടു കൊണ്ടലങ്കരിച്ച മൂന്ന് കുതിരകളിലാണ് എഴുന്നള്ളത്ത്. പൂര്‍ണവിശ്വാസത്തോടെ പ്രാര്‍ഥിച്ച് നോക്കുന്നവര്‍ക്ക് കുതിരപ്പുറത്ത് എഴുന്നള്ളുന്ന ഉമ്മയെയും മകനെയും കാണാന്‍ സാധിക്കുമത്രെ.

പള്ളിയിലെ പ്രധാന നേര്‍ച്ചയാണ് ചന്ദനക്കുടം. രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യസാധ്യത്തിനുമായി വിദേശികളും സ്വദേശികളുമായ ലക്ഷക്കണക്കിനാളുകള്‍ ചന്ദനക്കുടം നേരുന്നു. മണ്‍കലത്തില്‍ ചന്ദനം തൊട്ട്, ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള നേര്‍ച്ച പണം നിക്ഷേപിച്ച് അതിലൊരു ചന്ദനത്തിരിയും കത്തിച്ചുവച്ച് പള്ളിക്കു ചുറ്റും വലം വച്ചതിനു ശേഷം പള്ളിയുടെ ഉള്ളില്‍ സമര്‍പ്പിക്കുന്നതാണ് നേര്‍ച്ച. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ എത്ര വട്ടം വേണമെങ്കിലും വലം വയ്ക്കാം. ഇരട്ട സംഖ്യകളില്‍ പ്രദക്ഷിണം നിര്‍ത്തരുത്. മുന്‍കാലങ്ങളില്‍ ചന്ദനക്കുടത്തിന് മണ്‍കലങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് നേര്‍ച്ച നടത്തുന്നവരുടെ ഇഷ്ടാനുസരണം സ്വര്‍ണം, വെള്ളി, ചെമ്പ്, സ്റ്റീല്‍, അലുമിനിയം എന്നിങ്ങനെ പലതരം കലങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ബീമാപള്ളിയുടെ മാത്രം പ്രത്യേകതയായി വേറെയും നിരവധി നേര്‍ച്ചകള്‍ ഉണ്ട്. രോഗശാന്തിക്കുള്ള നേര്‍ച്ചയാണ് തൊട്ടിയും കയറും. തൊട്ടിയും കയറുമായി വന്ന് പ്രാര്‍ഥനയോടെ മരുന്നു കിണറില്‍ നിന്ന് അരത്തൊട്ടി വെള്ളം കോരി പള്ളിയുടെ അകത്ത് സമര്‍പ്പിച്ചാല്‍ ഏത് രോഗവും സൗഖ്യമാകുമെന്നത് കാലങ്ങളായുള്ള വിശ്വാസമാണ്. ഇതിനു പുറമേ ആട്, മാട്, കോഴി, കുത്തുവിളക്ക്, പട്ട്, പഴം, അരി, അന്നദാനം എന്നിങ്ങനെ എന്തും സമര്‍പ്പിച്ച് പ്രാര്‍ഥിക്കാം. മാസങ്ങളോളം പള്ളിയില്‍ താമസിച്ച് പ്രാര്‍ഥിക്കുന്നവരുണ്ട്.

അടിസ്ഥാനതല സൗകര്യങ്ങള്‍

മത്സ്യബന്ധനമാണ് ബീമാപ്പള്ളിയിലെ പരമ്പരാഗത വരുമാന മാര്‍ഗ്ഗം. എന്നാല്‍, ഇന്നും യന്ത്രവത്കൃത ബോട്ടുകളും മറ്റും ഇവിടെ ഉപയോഗിക്കുന്നില്ല. വലിയതുറയിലും പൂന്തുറയിലും ഫിഷറീസ് വകുപ്പിന്റെ പല സൗകര്യങ്ങളും ലഭ്യമാണെങ്കിലും ബീമാപ്പള്ളിക്കാര്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന പല ക്ഷേമപദ്ധതികളെക്കുറിച്ചും സാമാന്യധാരണ പോലുമില്ല. ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നുവരുന്ന മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പലവിധത്തിലുള്ള ത്വക്രോഗങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ കാരണമാവുന്നു.

മറ്റു തീരപ്രദേശങ്ങളില്‍ നിരവധി ആശ്വാസ പദ്ധതികള്‍ നടപ്പാക്കിയിട്ടും സര്‍ക്കാര്‍ ബീമാപ്പള്ളിയോട് കടുത്ത വിവേചനമാണ് കാണിച്ചിട്ടുള്ളത്. വര്‍ഷാവര്‍ഷം നടത്തുന്ന പൊടിക്കൈകള്‍ക്കപ്പുറം ശാശ്വതമായ പരിഹാരങ്ങള്‍ തീരപ്രദേശത്തെ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. മാറിമാറിവരുന്ന മുന്നണികള്‍ക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ബീമാപ്പള്ളി ജമാഅത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്തിന്റെ അടിസ്ഥാനപരമായ സൗകര്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും സഹായിക്കുന്നത്. കുറച്ചുകാലം മുമ്പുവരെ വിരലിലെണ്ണാവുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മഹല്ല് ജമാഅത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്‌കൂളും മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും ഗള്‍ഫ് വരുമാനവുമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളായി ജമാഅത്ത് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്.

വികസനഭൂപടത്തിന്റെ പുറത്ത്

കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസനമാതൃകയില്‍ എന്നും ബീമാപ്പള്ളിക്കാര്‍ പുറത്താണ്. തീരപ്രദേശം എന്നതുതന്നെ പലതരത്തിലുള്ള സാമുദായികവും ജാതീയവുമായ അധികാര സന്തുലിതത്വത്തിന്റെ പ്രശ്നങ്ങളിലൂടെ കാണേണ്ട ഒന്നാണ്. ഇങ്ങനെ നോക്കുമ്പോഴാണ് ബീമാപ്പള്ളി, തൊട്ടടുത്ത് ലത്തീന്‍ കത്തോലിക്കര്‍ താമസിക്കുന്ന ചെറിയതുറയില്‍ നിന്നും ഇടതുവശത്തെ പൂന്തുറയില്‍ നിന്നും വളരെ വ്യത്യസ്തമായി നില്‍ക്കുന്നത്. ചരിത്രപരമായിത്തന്നെ 'വിദേശികള്‍', 'നിയമത്തിന് വഴങ്ങാത്തവര്‍' എന്നീ മുദ്രകള്‍ പേറേണ്ടിവന്നവരാണ് ബീമാപ്പള്ളിക്കാര്‍. കരം നല്‍കാന്‍ വിസമ്മതിച്ച ബീമാ ബീവിയെ അഹങ്കാരിയെന്നായിരുന്നു തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതെന്ന് ബീമാപ്പള്ളിയുടെ ചരിത്രം.

ബീമാപ്പള്ളിയുടെ സ്ത്രീപക്ഷം

ഇസ്‌ലാമിലെ സ്ത്രീയുടെ സ്ഥാനം പൊതുവിടങ്ങളില്‍ എന്നും ചൂടേറിയ ചര്‍ച്ചയാണ്. ഇസ്‌ലാമിലെ പുരുഷമേധാവിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബീമാപ്പള്ളിയെക്കുറിച്ചും ധാരാളമായി ഉയര്‍ന്നുവരാറുണ്ട്.

എന്നാല്‍, സെക്കുലര്‍ ലിബറല്‍ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയ ലിംഗയിടത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രം തന്നെ ബീമാപ്പള്ളി രൂപപ്പെടുത്തുന്നു. ആണിന്റെ ചരിത്രമായി രേഖപ്പെടുത്താമായിരുന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പോരാട്ടങ്ങളെ ബീമ ഉമ്മയുടെ പേരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് ബീമാപ്പള്ളി എന്ന പ്രദേശനാമം ഉണ്ടാവുന്നത്.

പെണ്ണിന്റെ ഇടം വീട്ടകമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഇതര പ്രദേശങ്ങളിലെ മുസ്ലിംകളില്‍ നിന്നും വ്യത്യസ്തമായി ബീമാപ്പള്ളിയില്‍ സ്ത്രീകള്‍ക്കാണ് സ്വത്തവകാശമുള്ളത്. സ്വത്ത് കൈകാര്യം ചെയ്യാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കുന്നതാണ് ബീമാപ്പള്ളിയിലെ അനന്തരസ്വത്തവകാശ നിയമം. പാരമ്പര്യ ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങളെത്തന്നെ മറ്റൊരു രീതിയില്‍ വ്യഖ്യാനിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നു ഈ പ്രാദേശിക കര്‍മശാസ്ത്രം.

സി.ഡികള്‍ നിര്‍മ്മിക്കുന്ന അധോലോകം

നിയമവിരുദ്ധമായി സി.ഡികള്‍ നിര്‍മ്മിക്കുന്ന അധോലോകം എന്നാണ് ബീമാപ്പള്ളിയെ കുറിച്ചുള്ള സാമാന്യ ധാരണ. ബീമാപ്പള്ളി വെടിവെപ്പിനു ശേഷം ക്രൂരമായ സ്റ്റേറ്റ് വയലന്‍സിനു നേരെ മൗനം പാലിച്ച്, സി.ഡി കടകള്‍ അടച്ചുപോയതിനെക്കുറിച്ച് മാത്രം ആകുലപ്പെടുകയാണ് പൊതുസമൂഹം ചെയ്തത്. പ്രമുഖ സംവിധായകരുള്‍പ്പെടെ പല സിനിമാ പ്രവര്‍ത്തകരും ലോകസിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ തേടി വരാറുണ്ടെന്ന് ബീമാപ്പള്ളിക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിന് വരുന്ന കേരളത്തിനകത്തും പുറത്തുമുള്ള ചലചിത്ര പ്രേമികളുടെയും ബുദ്ധിജീവികളുടെയും സന്ദര്‍ശന കേന്ദ്രം കൂടിയാണ് ബീമാപ്പള്ളി. എന്നിട്ടും ഞങ്ങള്‍ മാത്രം എങ്ങനെ നിയമവിരുദ്ധരാവും എന്ന ബീമാപ്പള്ളിക്കാരുടെ ചോദ്യവും പ്രസക്തമാണ്.

ബീമാപ്പള്ളി വെടിവെപ്പ്

2009 മെയ് 17 നാണ് ബീമാപ്പള്ളില്‍ ആറുപേരെ പൊലീസ് വെടിവെച്ചുകൊന്നത്. പ്രദേശത്തെ ലാറ്റിന്‍ കത്തോലിക് വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നും ഇത് പൊലീസിനെ വെടിവെപ്പിന് നിര്‍ബന്ധിതമാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പ്രദേശത്തെ ചെറിയ വഴക്ക് പൊലീസ് വെടിവെപ്പിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് വസ്തുകള്‍ പറയുന്നത്.

വെടിവെപ്പ് നടക്കുന്നതിന് പത്തു ദിവസം മുമ്പ് കൊമ്പ് ഷിബു എന്ന് വിളിപ്പേരുള്ള ഷിബു ബീമാപ്പള്ളിയിലുള്ള മുഹമ്മദിന്റെ കടയില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ തര്‍ക്കമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. ബീമപ്പള്ളിയില്‍ നടക്കുന്ന ഉറൂസ്/ ചന്ദനക്കുട മഹോത്സവം മുടക്കുമെന്നും കൊമ്പു ഷിബു ഭീഷണി മുഴക്കി. സംഭവത്തില്‍ മഹല്ല് കമ്മിറ്റി പൊലീസിന് കൊമ്പ് ഷിബുവിനെതിരെ പരാതി നല്‍കുകയും ചെയ്തു

കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൂന്തുറ സി.ഐയ്ക്ക് പരാതി നല്‍കിയിരുന്നെന്ന് മഹല്ല് പ്രസിഡന്റ് അസീസ് പിന്നീട് പറഞ്ഞിരുന്നു. അന്നത്തെ എം.എല്‍.എയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള, കളക്ടര്‍ സഞ്ജീവ് കൗര്‍ എന്നിവര്‍ ബീമപ്പള്ളിയിലെത്തി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനല്‍കിയെന്നും മഹല്ല് പ്രസിഡന്റായിരുന്ന അസീസ് മാധ്യമങ്ങളോട് സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷിബുവിനെ അറസ്റ്റ് ചെയ്യാത്തത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് 2009 മെയ് പതിനേഴിന് ഉച്ചതിരിഞ്ഞ് വെടിവെപ്പ് നടക്കുന്നത്.

വെടിവെപ്പുണ്ടായ സമയത്ത് പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞത് ചെറിയതുറ വെടിവെപ്പ് എന്നാണ്. എന്നാല്‍ വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയില്‍ വെച്ചാണ്. അക്രമികളായ ബീമാപ്പള്ളിക്കാര്‍ ചെറിയതുറ ഭാഗത്തേങ്ങ് നീങ്ങുകയും ചെറിയതുറക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അത് പ്രതിരോധിക്കാനാണ് പോലീസ് വിവേചനരഹിതമായി വെടിവെച്ചത് എന്നാണ് ഇതിലൂടെ മനസ്സിലാവുക. എന്നാല്‍, വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയില്‍ വെച്ചുതന്നെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ചെറിയതുറ വെടിവെപ്പ്, ചെറിയതുറ സംഘര്‍ഷം എന്ന രീതിയില്‍ ഈ സംഭവങ്ങളെ വിളിക്കുന്നത്. ബീമാപ്പള്ളി എന്ന പ്രദേശത്തിന്റെ ദൃശ്യത ചെറിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ കടന്നുകയറുന്നവര്‍ എന്ന നിലക്കാണ്. ആ അര്‍ഥത്തില്‍ ബീമാപ്പള്ളിക്കാരെ അക്രമികളായി മുദ്രകുത്തുന്ന സവിശേഷമായ രീതിയാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍, ഡി.വൈ.എസ്.പി ഇ.ഷറഫുദ്ദീന്‍ എന്നിവരാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ഇവരെ തിരിച്ചെടത്തു. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പ് നടന്ന് 12 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്നും ദുരൂഹമായിത്തുടരുന്ന കാരണത്തിന്റെ പേരില്‍ ആറുപേരെ പൊലീസ് നിഷ്ഠൂരമായി വെടിവെച്ചുകൊലപ്പെടുത്തിയിട്ടും അതിനെക്കുറിച്ച് മലയാളി പൊതുസമൂഹത്തില്‍ ഒരു പ്രതിഷേധമോ ചര്‍ച്ചയോ ഉണ്ടായില്ല എന്നത് ബീമാപ്പള്ളിയിലെ ജനങ്ങള്‍ കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് എത്ര അകലെയാണെന്നതിന്റെ തെളിവാണ്.

TAGS :

Next Story