Quantcast

ക്രിസ്മസ്-പുതുവത്സര വിപണി; കർശന ഭക്ഷ്യ സുരക്ഷാ പരിശോധന, 52 സ്ഥാപനങ്ങൾക്ക് വിലക്ക്

സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകൾ ഇതുവരെ പൂർത്തിയാക്കി

MediaOne Logo

Web Desk

  • Published:

    23 Dec 2023 12:24 PM GMT

Strict food safety checks ahead of christmas and newyear
X

തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സീസണിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകളാണ് പരിശോധന നടത്തി വരുന്നത്.

സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകൾ ഇതുവരെ പൂർത്തിയാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 151 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 1114 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരുന്ന ആഴ്ചയും പരിശോധന തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിരിക്കുന്നത്

കേക്ക്, വൈൻ, തുടങ്ങിയ ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ, ആൽക്കഹോളിക് ബിവറേജ് , ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും ഓഫീസർമാർ പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. പരിശോധനകൾക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷ്ണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story