വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്‌കൂളിന് കേടുപാടുകളില്ലെന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
മെയ് 29നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

കൊല്ലം: കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിന് യാതൊരുവിധത്തിലുള്ള കേടുപാടുകളും ഇല്ലെന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് പുറത്ത്. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ആണ് കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.
മേൽക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് റിപ്പോർട്ടിൽ മറുപടി. മേൽക്കൂരയ്ക്ക് മുകളിലൂടെ പോയ ത്രീ ഫേസ് വൈദ്യുത ലൈനിനെപറ്റിയും പരാമർശമില്ല. മെയ് 29നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വൈദ്യുതലൈൻ വർഷങ്ങളായി അപകടാവസ്ഥയിൽ എന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും പ്രോട്ടോകോൾ പാലിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു.
Adjust Story Font
16

