കണ്ണൂരിൽ വിദ്യാർഥികൾക്ക് ക്രൂരമർദനം; പരാതി ലഭിച്ചാൽ കേസെടുക്കാമെന്ന് പൊലീസ്

മർദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തതിൽ രൂക്ഷ വിമർശനമാണുയരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-25 12:12:34.0

Published:

25 Jan 2023 10:56 AM GMT

കണ്ണൂരിൽ വിദ്യാർഥികൾക്ക് ക്രൂരമർദനം; പരാതി ലഭിച്ചാൽ കേസെടുക്കാമെന്ന് പൊലീസ്
X

കണ്ണൂർ: കൂത്തുപറമ്പ് വേങ്ങാട് ഇ.കെ നായനാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുറത്തുനിന്നെത്തിയ മദ്യപ സംഘത്തിന്റെ ക്രൂര മർദനം. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ ഹംസ, അസീൻ റഷാദ് എന്നീ വിദ്യാർഥികൾക്ക് പരിക്കേറ്റു. സ്‌കൂൾ വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ട് പരിപാടിക്കിടെ പ്ലസ് ടു വിദ്യാർഥികൾ വേദിക്ക് മുന്നിലെത്തി ചുവടുവെച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസിലറിയിച്ചിട്ടും കേസെടുത്തില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

പുറത്ത് നിന്നെത്തിയ മദ്യപ സംഘം വേദിക്കു മുന്നിൽ നൃത്തം ചെയ്യാനാകില്ലെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകുകയായിരുന്നു. എന്നാൽ വിദ്യാർഥികൾ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. പുറത്ത് നിന്നെത്തിയവർക്ക് ഇത്തരത്തിൽ നിർദേശം നൽകാൻ അർഹതയില്ലെന്ന തരത്തിൽ വിദ്യാർഥികളും നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പുറത്തുനിന്നെത്തിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. എന്നാൽ സംഭവത്തിൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ട്, പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മർദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തതിൽ രൂക്ഷ വിമർശനമാണുയരുന്നത്. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം.

സ്‌കൂളുമായി യാതൊരു ബന്ധമില്ലാത്തവരാണ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികളെ മദ്യപിച്ചെത്തിയ ഈ സംഘം ഓടിച്ചിട്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഹംസ എന്ന വിദ്യാർഥിയുടെ മൂക്കിന്റെ പാലത്തിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് വിദ്യാർഥികളും കണ്ണൂർ ചാലയിലുള്ള മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹംസയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.


TAGS :

Next Story