ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ്
ഉദ്യോഗാർഥികൾക്കും ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് ക്രമീകരണം ഒരുക്കണമെന്ന് ഡിജിപിക്ക് നിർദേശം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ ടയർ - 3 വിവരണാത്മക പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതൽ 12 വരെയാണു പരീക്ഷാ സമയം. പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫിസ്/കോളജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

