സുനിത വില്യംസിന് കയറാവുന്ന മിശ്കാൽ പള്ളിയിൽ നാട്ടിലെ സ്ത്രീകൾക്ക് എന്തുകൊണ്ട് കയറാൻ പറ്റുന്നില്ല; ചോദ്യവുമായി സോഷ്യൽ മീഡിയ
‘മിശ്കാൽ പള്ളി ഒരു ആരാധനാലയം മാത്രമല്ലെന്നും ചരിത്ര സ്മാരകവും സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയാണെന്നും എന്നിട്ടും അനേകം സ്ത്രീകൾക്ക് ഇന്നുവരെ പള്ളിയുടെ അകത്തളങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല’

- Updated:
2026-01-27 07:41:40.0

കോഴിക്കോട്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് കയറാവുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ നാട്ടിലെ സ്ത്രീകൾക്ക് എന്തുകൊണ്ട് കയറാൻ പറ്റുന്നില്ലെന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയ. സഞ്ചാരികളും ഗവേഷകരുമടക്കമുള്ള സ്ത്രീകളാണ് ചോദ്യവുമായി രംഗത്തെത്തിയിരികുന്നത്.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായെത്തിയ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നത്. സുനിത വില്യംസിന് കയറാവുന്ന പള്ളിയിൽ നാട്ടിലുള്ളവർക്കും സഞ്ചാരികളായ വനിതകൾക്കും സന്ദർശിക്കാൻ വാതിലുകൾ തുറന്നിടണമെന്ന ആവശ്യമാണ് സോഷ്യൽമീഡിയയിൽ ഉയർന്നിരിക്കുന്നത്.
നമസ്കരിക്കാൻ കയറ്റിയില്ലെങ്കിലും ചരിത്രസ്മാരകത്തിന്റെ അകം സ്ത്രീകൾ കൂടി കാണാൻ പറ്റുന്ന രൂപത്തിൽ മാറണമെന്ന് യുവ എഴുത്തുകാരി ഹന്ന മേത്തർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. ഹെറിറ്റേജ് വാക്ക് നടത്തുമ്പോൾ സ്ത്രീകളെ പുറത്തുനിർത്തുന്നത് വളരെ വിഷമം തോന്നാറുണ്ട്. മാസങ്ങൾക്ക് മുമ്പ് ഫിൻലൻഡ്, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ളവരുമായി നടത്തിയ ഹെറിറ്റേജ് വാക്കിൽ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾക്ക് പള്ളിക്കകത്ത് കയറാൻ അനുമതി ലഭിച്ചില്ല. എന്നാൽ സംഘത്തിനൊപ്പമുണ്ടായിരുന്ന പുരുഷന് പള്ളിക്കകത്ത് കയറാൻ അനുവാദം ലഭിച്ചു. അദ്ദേഹം അകത്ത് കയറി പള്ളി പൂർണമായും കാണുകയും വീഡിയോകളും പകർത്തിയാണ് മടങ്ങിയത്. താനടക്കം കൂടെയുണ്ടായിരുന്ന നാല് സ്ത്രീകൾക്കും അദ്ദേഹം തിരിച്ചു വരുന്നത് വരെ പള്ളിക്ക് പുറത്ത് കാത്തുനിൽക്കേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി.
മിശ്കാൽ പള്ളി ഒരു ആരാധനാലയം മാത്രമല്ല ചരിത്ര സ്മാരകവും സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയാണ്, എന്നിട്ടും കുറ്റിച്ചിറയിലും പരിസര പ്രദേശങ്ങളിലുമുള്ള അനേകം സ്ത്രീകൾക്ക് ഇന്നുവരെ പള്ളിയുടെ അകത്തളങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തക വഫ ഹുസൈൻ കുറിച്ചു. ഹെറിറ്റേജ് വാക്കുകൾക്കിടെ ചിലപ്പോൾ മറ്റ് മതങ്ങളിൽപ്പെട്ട പുരുഷന്മാർ പോലും യാതൊരു പ്രത്യേക നിയന്ത്രണങ്ങളോ നടപടിക്രമങ്ങളോ ഇല്ലാതെ മിശ്കാൽ പള്ളിയിൽ പ്രവേശിക്കുന്നത് പതിവാണ്. അതേസമയം, സ്ത്രീകളോട് പുറത്തു കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്. ഹെറിറ്റേജ് വാക്കുകളിൽ പോലും അനീതിപൂർണമായ സാഹചര്യം സൃഷ്ടിക്കുന്നു. സുനിത വില്യംസിന്റെ മിശ്കാൽ പള്ളി സന്ദർശനം സ്വാഗതം ചെയ്യുന്നുവെന്നും അത് എല്ലാ സ്ത്രീകൾക്കും സാധ്യമാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും അവർ ചോദിച്ചു. ഗവേഷണത്തിനും ഹെറിറ്റേജ് വാക്കിനും എത്തിയിട്ടും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത അനുഭവങ്ങൾ വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16
