വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി സണ്ണി എം. കപിക്കാട് ?
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് പരിഗണിക്കുന്നത്

കൊച്ചി: വൈക്കത്ത് സണ്ണി എം.കപിക്കാട് യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന. യുഡിഎഫ് നേതൃത്വം സണ്ണി എം.കപിക്കാടുമായി ചർച്ച നടത്തിയിട്ടുണ്ട്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് സണ്ണിയെ പരിഗണിക്കുന്നത്. വൈക്കം മണ്ഡലത്തിലെ വോട്ടർ കൂടിയാണ് ചിന്തകനായ സണ്ണി എം.കപിക്കാട്. 1991 ന് ശേഷം യുഡിഎഫ് വിജയിക്കാത്ത മണ്ഡലമാണ് വൈക്കം.
വിവിധ സമൂഹിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമുള്ള മുന്നണിയാക്കി യുഡിഎഫിനെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സണ്ണി എം.കപിക്കാടിനെ വൈക്കത്തേക്ക് പരിഗണിക്കുന്നത്. സണ്ണി എം.കപിക്കാടുമായി രണ്ട് ഘട്ട ചർച്ചകൾ കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ട്. സ്ഥാനാർഥിത്വത്തിൽ പ്രാഥമിക ധാരണ രൂപപ്പെട്ടു എന്നാണ് സൂചന. മുന്നണിയിലെ മറ്റ് പാർട്ടികൾ കൂടിയായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. ദലിത് ക്രൈസ്തവ സംഘടനകളുടെ പിന്തുണയും സണ്ണിയുടെ സ്ഥാനാർഥിത്വത്തിന് ഉണ്ടെന്നാണ് സൂചന.
മണ്ഡലത്തിൽ ദലിത് ക്രൈസ്തവ വിഭാഗത്തിന് 20,000 ത്തിലേറെ വോട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വൈക്കം. സമാനമായ രീതിയിൽ വേറെ ചില മണ്ഡലങ്ങളിൽ കൂടി അപ്രതീക്ഷിത സ്ഥാനാർഥികളെ യുഡിഎഫ് പരിഗണിക്കുന്നുണ്ട്.
Adjust Story Font
16

