Quantcast

ബിജെപിയുടെ വോട്ടർ പട്ടിക അട്ടിമറി: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം അന്വേഷിക്കണം - വെൽഫെയർ പാർട്ടി

തൃശൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് വോട്ടുകളാണ് ബിജെപി താത്കാലിക താമസത്തിന്റെ മറവിൽ വോട്ടർ പട്ടികയിലേക്ക് തിരുകിക്കയറ്റിയതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    7 Aug 2025 10:04 PM IST

Plus one temporary batches are not the solution: welfare party
X

തിരുവനന്തപുരം: ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും തകർത്തെറിഞ്ഞതിന്റെ തെളിവുകളാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഒത്തുകളിക്കുന്ന ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന്റെ തെളിവാണ് പുറത്തുവന്നത്.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തീർത്തും അവിശ്വാസനീയമാണെന്ന് അന്ന് തന്നെ പല രാഷ്ട്രീയ സംഘടനകളും നേതാക്കളും വിളിച്ചു പറഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശക്തമാണ്. ഇതിനിടയിലാണ് വോട്ടർ പട്ടിക കൃത്രിമത്വവുമായി ബന്ധപ്പെട്ട തെളിവുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പകൽ വെളിച്ചത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ കഴുവിലേറ്റിയ ബിജെപിയുടെ രാഷ്ട്രവഞ്ചനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയവും വോട്ടർപട്ടികയിൽ ആസൂത്രിതമായി നടത്തിയ കൃത്രിമത്വങ്ങളിലൂടെയാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. തൃശൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് വോട്ടുകളാണ് ബിജെപി താത്കാലിക താമസത്തിന്റെ മറവിൽ വോട്ടർ പട്ടികയിലേക്ക് തിരുകിക്കയറ്റിയതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. തൃശൂർ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കില്ലെന്ന തിരിച്ചറിവിൽ നിന്നാണ് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഈ കുതന്ത്രം നടപ്പാക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കാൻ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story