ഉവൈസിക്ക് കേരള ഭക്ഷണമൊരുക്കി സുരേഷ് പിള്ള; ഹൈദരാബാദിൽ റെസ്റ്റോറന്‍റ് തുടങ്ങണമെന്ന് ഷെഫിനോട് എംപി
സംഘം ബഹ്റൈനിൽ എത്തിയപ്പോഴാണ് സുരേഷിന്‍റെ റസ്റ്റോറന്‍റിൽ ഭക്ഷണമൊരുക്കിയത്

മനാമ: 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഉച്ചവിരുന്നൊരുക്കിയതിന്‍റെ സന്തോഷത്തിലാണ് ഷെഫ് സുരേഷ് പിള്ള. സംഘം ബഹ്റൈനിൽ എത്തിയപ്പോഴാണ് സുരേഷിന്‍റെ റസ്റ്റോറന്‍റിൽ ഭക്ഷണമൊരുക്കിയത്. ഷെഫ് ഒരുക്കിയ കേരള സ്റ്റൈലിലുള്ള ഭക്ഷണം ഏറ്റവും ഇഷ്ടപ്പട്ടത് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിക്കായിരുന്നു. ഷെഫിന്‍റെ കൈപ്പുണ്യത്തിൽ വയറും മനസും നിറഞ്ഞ ഉവൈസി ഹൈദരാബാദിൽ ഒരു റെസ്റ്റോറന്‍റ് തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉവൈസിക്കൊപ്പമുള്ള ചിത്രവും സുരേഷ് പിള്ള സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഷെഫ് സുരേഷ് പിള്ളയുടെ കുറിപ്പ്
'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യൻ പ്രതിനിധി സംഘം ബഹ്‌റൈനിൽ എത്തിയപ്പോൾ അവർക്കായി ഒരു ഉച്ച വിരുന്ന് നമ്മുടെ റെസ്റ്റോറന്‍റിൽ ഒരുക്കാനായി..! ഉവൈസി സാഹിബിനു കേരള ഭക്ഷണം ഒരുപാടു ഇഷ്ടപ്പെട്ടു..! പോകാന്നേരം ഒത്തിരി സ്നേഹത്തോടെ ഹൈദരാബാദിൽ ഒരു റെസ്റ്റോറന്‍റ് തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ദൗത്യം തുടരുകയാണ്. മുതിർന്ന ബിജെപി നേതാവും ലോക്‌സഭാംഗവുമായ ബൈജയന്ത് പാണ്ഡെ നയിക്കുന്ന സംഘത്തിൽ മൂന്ന് ബിജെപി എംപിമാർക്ക് പുറമെ മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് ശ്രിംഗ്ല എന്നിവരും ഉൾപ്പെടുന്നു.സൗദിക്ക് ശേഷം അൾജീരിയയിലേക്കാകും സംഘത്തിന്‍റെ യാത്ര.
Adjust Story Font
16

