Quantcast

'മാധ്യമത്തിനെതിരെ കത്ത് നൽകുമ്പോൾ ഞാൻ കോൺസുൽ ജനറലിന്റെ പി.എയല്ല, സ്‌പേസ് പാർക്ക് ജീവനക്കാരി'; കെ.ടി ജലീലിലിന്റെ വാദം കള്ളമെന്ന് സ്വപ്ന

കത്ത് കൈമാറിയതിനെക്കുറിച്ച് ജലീൽ പറയുന്നതെല്ലാം കള്ളമാണെന്നും സ്വപ്‌ന

MediaOne Logo

Web Desk

  • Updated:

    2022-07-23 03:53:27.0

Published:

23 July 2022 2:38 AM GMT

മാധ്യമത്തിനെതിരെ കത്ത് നൽകുമ്പോൾ ഞാൻ കോൺസുൽ ജനറലിന്റെ പി.എയല്ല, സ്‌പേസ് പാർക്ക് ജീവനക്കാരി; കെ.ടി ജലീലിലിന്റെ വാദം കള്ളമെന്ന് സ്വപ്ന
X

കൊച്ചി: മാധ്യമത്തിനെതിരായ കത്ത് യു.എ.ഇ കോൺസുൽ ജനറലിന്റെ പിഎക്കാണ് നൽകിയതെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ വാദം കള്ളമെന്ന് സ്വപ്‌ന സുരേഷ്. കത്ത് നൽകിയ സമയത്ത് താൻ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്‌പേസ് പാർക്കിലായിരുന്നു ജോലിയെന്നും അവർ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ജലീൽ കത്ത് തന്നതെന്നും സ്വപ്‌ന പറഞ്ഞു. എന്നാൽ കോൺസുൽ ജനറലിന്റെ പിഎ ആയതിനാലാണ് സ്വപ്നക്ക് കത്ത് നൽകിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം.

2019 സെപ്റ്റംബറിലാണ് യുഎഇ കോൺസുലേറ്റിലെ ജോലി താൻ അവസാനിപ്പിച്ചതെന്നും എന്നാൽ മാധ്യമത്തിനെതിരായ കത്ത് കെടി ജലീൽ 2020 ജൂൺ 25നാണ് നൽകിയതെന്നും അവർ വ്യക്തമാക്കി. കത്ത് കൈമാറിയതിനെക്കുറിച്ച് ജലീൽ പറയുന്നതെല്ലാം കള്ളമാണെന്നും സ്വപ്‌ന ആരോപിച്ചു.

മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. മാധ്യമത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്‍റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറഞ്ഞു.

മാധ്യമം പത്രത്തിനെതിരെ താൻ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചിട്ടുണ്ടെന്ന് കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. കോവിഡ് സമയത്ത് ഗൾഫിൽ മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്നത്തെ യുഎഇ കോൺസുൽ ജനറലിന്റെ പി.എക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിന്റെ ഒരു കോപ്പി തന്റെ പേഴ്‌സണൽ മെയിലിൽനിന്ന് കോൺസുൽ ജനറലിനും അയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു.പാർട്ടിയുടെയോ സർക്കാറിന്റെയോ അറിവോടെയല്ല മെയിൽ അയച്ചത്. പത്രം നിരോധിക്കണമെന്ന് കത്തിൽ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ സ്വപ്‌ന പറഞ്ഞത് പച്ചക്കള്ളമാണെന്നും ജലീൽ പറഞ്ഞു. താൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന കാര്യവും ജലീൽ സമ്മതിച്ചു. പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോയെന്നും അദ്ദേഹം ചോദിച്ചു.



Swapna Suresh says former minister KT Jaleel's claim that letter against Madhyamam was given to Consul General's PA is false

TAGS :

Next Story