Quantcast

'പാംപ്ലാനിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണം' ; സിപിഎമ്മിനെതിരെ സീറോ മലബാര്‍ സഭ

പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-16 14:47:14.0

Published:

16 Aug 2025 5:22 PM IST

പാംപ്ലാനിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണം ; സിപിഎമ്മിനെതിരെ സീറോ മലബാര്‍ സഭ
X

കൊച്ചി: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

രാഷ്ട്രീയ താല്‍പര്യ പ്രകാരമാണ് വിവിധ സംവിധാനങ്ങളിലൂടെ പാര്‍ട്ടി ബിഷപ്പിനെ ആക്രമിച്ചതെന്നും സിറോ മലബാര്‍ സഭ ആരോപിച്ചു. ഛത്തീസ്ഗഡില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടാണെന്നും സീറോ മലബാര്‍ സഭ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി മെത്രാപ്പോലീത്തയും എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയുമായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെതിരെ സി. പി. ഐ. എമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ഛത്തീസ്ഘട്ടില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനുള്ള സി. പി. ഐ. എം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്.

സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോമലബാര്‍ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവര്‍ത്തിക്കുക മാത്രമാണ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകള്‍ വഴി അകാരണമായി പാംപ്ലാനി പിതാവിനെ അക്രമിക്കുകയാണുണ്ടായത്. ഇത് കേവലം സന്ദര്‍ഭികമായ ഒരു പ്രസ്താവനമാത്രമല്ലന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടര്‍പ്രതികരണങ്ങള്‍.

സീറോമലബാര്‍ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളില്‍ അധിഷ്ഠിതമാണ്. തെറ്റ് ചെയ്യുമ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആര്‍ക്കു എപ്പോള്‍ നന്ദി പറയണം, ആരെ വിമര്‍ശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല. എന്നാല്‍, ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതില്‍ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.

ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കള്‍ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു. അതിനാല്‍ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കാനുള്ള പ്രവണതയില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, ആവശ്യത്തിലധികം സംസാരിച്ചുകഴിഞ്ഞതിനാല്‍ ഈ വിഷയം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു,' സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story