Quantcast

വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭ

ബഫര്‍സോണിലെ സുപ്രീം കോടതി വിധിയില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായും സിറോ മലബാര്‍ സഭ

MediaOne Logo

ijas

  • Updated:

    2022-08-25 17:03:52.0

Published:

25 Aug 2022 4:56 PM GMT

വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭ
X

കൊച്ചി: വൻകിട കമ്പനികൾക്കുവേണ്ടി കുടിയിറക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശവാസികളുടെ സമരത്തിനു പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശവാസികളുടെ വാസസ്ഥലവും ഉപജീവനമാർഗവും നഷ്ടമായിട്ടു വർഷങ്ങളായി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സർക്കാർ ആത്മാർത്ഥതയോടെ ഇടപെടണം. അതിജീവനത്തിനായി പൊരുതുന്ന തീരദേശവാസികളുടെ സമരത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ അറിയിച്ചു.

ബഫര്‍സോണിലെ സുപ്രീം കോടതി വിധിയില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായും സിറോ മലബാര്‍ സഭ വ്യക്തമാക്കി. 1977-ന് മുൻപു പട്ടയം ലഭിച്ച കുടിയേറ്റ കർഷകരെ വനം കയ്യേറിയവരായി ചിത്രീകരിച്ചു സുപ്രിം കോടതിക്ക് മുന്നില്‍ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയായിട്ടാണ് മനസ്സിലാക്കുന്നത്. കർഷകരുടെ ആവശ്യങ്ങളോട് എന്നും വൈമുഖ്യം പുലർത്തിയിട്ടുള്ള വനം വകുപ്പിനെമാത്രം ഈ കേസിന്‍റെ നടത്തിപ്പിനായി നിയോഗിച്ചതു തന്നെ അടിസ്ഥാനപരമായ വീഴ്ചയാണ്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൃഷി, റവന്യൂ വകുപ്പുകൾക്കൂടി ഉൾപ്പെടുന്ന സമിതിയെ കേസിന്റെ നടത്തിപ്പിനായി നിയോഗിക്കണമെന്നു സിറോ മലബാർ സഭാ സർക്കാരിനോട് ആവശ്യപ്പെട്ടു. നിഷ്പക്ഷമായി നീതി നടപ്പിലാക്കാൻ നിർദിഷ്ട ബഫർസോൺ പ്രദേശങ്ങളിലെ ജനപ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തണമെന്നും കർഷകരുടെ കൃഷിയിടങ്ങളൊന്നും ബഫർസോൺ ആയി പ്രഖ്യാപിക്കപ്പെടുന്ന മേഖലയിൽ ഉൾപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാരിനു കഴിയണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. ഞായറാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും സിറോ മലബാര്‍ സഭ സിനഡ് പ്രസ്താവനയില്‍ അറിയിച്ചു.

TAGS :

Next Story