ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ ഫണ്ട് വെട്ടിക്കുറച്ചത് പിൻവലിക്കണം: സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കായി ബജറ്റിൽ നീക്കിവച്ച തുക വലിയ തോതിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ഈ വർഷം സ്കോളർഷിപ്പിനു വകയിരുത്തിയ തുകയിൽ വലിയ തോതിൽ വെട്ടിക്കുറവ് വരുത്തിയത് സംശയകരമാണ്. ഈ വർഷത്തെ പല സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച ശേഷമാണ് വൻതോതിൽ തുക വെട്ടിക്കുറച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും സ്‌കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കുന്ന ഈ നടപടി ന്യൂനപക്ഷ വിദ്യാർഥികളോടുള്ള അനീതിയായി കണക്കാക്കേണ്ടിവരും.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ സംബന്ധിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനോ തുടർനടപടികൾ സ്വീകരിക്കുന്നതിനോ ന്യൂനപക്ഷക്ഷേമ വകുപ്പ് തയ്യാറായിട്ടില്ല. മാത്രമല്ല നിലവിലുള്ള സ്‌കോളർഷിപ്പുകൾ കൂടി അപ്രസക്തമാക്കുന്ന രീതിയിലേക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് തീരുമാനങ്ങളെടുക്കുന്നു. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
Adjust Story Font
16

