Quantcast

ദുരന്തമുഖത്ത് ഒരുമിച്ചുനിൽക്കുകയാണ് പ്രധാനം; രാഷ്ട്രീയം മാനവികതയ്ക്കു മുകളിലല്ല-സാദിഖലി തങ്ങൾ

'ദുരന്തത്തെ കേവല രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത മുസ്‌ലിം ലീഗ് പാർട്ടി സ്വീകരിക്കാറില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് അതാണ്.'

MediaOne Logo

Web Desk

  • Published:

    11 May 2023 2:02 PM GMT

ദുരന്തമുഖത്ത് ഒരുമിച്ചുനിൽക്കുകയാണ് പ്രധാനം; രാഷ്ട്രീയം മാനവികതയ്ക്കു മുകളിലല്ല-സാദിഖലി തങ്ങൾ
X

കോഴിക്കോട്: ദുരന്തമുഖത്ത് ഒരുമിച്ചുനിൽക്കലാണ് പ്രധാനമെന്നും രാഷ്ട്രീയം മാനവികതയ്ക്കു മുകളിലല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് 'ചന്ദ്രിക'യിൽ എഴുതിയ ലേഖനത്തിലാണ് സാദിഖലി തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

'കരിപ്പൂരിൽ വിമാനാപകടസമയത്തും കടലുണ്ടി തീവണ്ടി അപകട സമയത്തും പ്രളയം വന്നപ്പോഴും സ്വയം രക്ഷാപ്രവർത്തകരായി മാറിയ മലയാളി. കോവിഡ് മഹാമാരി വന്നപ്പോഴും പരസ്പരം താങ്ങായി മാറി. പരീക്ഷണങ്ങളിൽ കൂടെയുണ്ടെന്ന് പരസ്പരം ബോധ്യമാകുന്ന ചിത്രങ്ങൾ. പ്രത്യേകിച്ച് കടലോര മേഖലയിലെ പച്ചയായ മനുഷ്യർ. പ്രതിസന്ധികളിലെല്ലാം തണലായി മാറുന്നവരാണവർ. അനീതിയോടുള്ള അരിശമാണെങ്കിലും സഹജീവികളോടുള്ള പിരിശമാണെങ്കിലും അവരുടെ പ്രതികരണത്തിന് മൂർച്ച കൂടും. സ്‌നേഹത്തിന്റെ നിറകുടങ്ങളാണവർ. സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും ഉള്ളിലെ വികാരങ്ങൾ അടക്കിപ്പിടിക്കാതെ പ്രകടിപ്പിക്കും.'-തങ്ങൾ കുറിച്ചു.

ദുരന്തമുഖത്ത് മുസ്‌ലിം ലീഗ് പാർട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാൻ ഒരുമിച്ചുനിൽക്കുക എന്നതു തന്നെയാണ് പ്രധാനം. അത്തരം സന്ദർഭങ്ങളെ കേവല രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത മുസ്‌ലിം ലീഗ് പാർട്ടി സ്വീകരിക്കാറില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് അതാണ്. ദുരന്തബാധിതരായ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും സാഹചര്യങ്ങൾക്കനുയോജ്യമായി സഹായിക്കുകയും ചെയ്യുകയാണ് മറ്റൊന്ന്. ഈ സമീപനവും മുസ്‌ലിം ലീഗ് താനൂരിൽ സ്വീകരിച്ചിട്ടുണ്ട്. എവിടെയും സ്വീകരിക്കാറുമുണ്ട്. അതോടൊപ്പം താനൂർ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയടക്കം അധികാരികൾക്കു മുന്നിൽ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

ഇപ്പോൾ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുമുണ്ട്. നീതിക്കുവേണ്ടി ജാഗ്രതയോടെ കാത്തിരിക്കാം. നിലപാടുകൾ സ്വീകരിക്കുമ്പോൾ രാഷ്ട്രീയ നേട്ടത്തിനപ്പുറം സമൂഹത്തിന്റെ നന്മയാണ് മുസ്‌ലിം ലീഗിന് പ്രധാനം. ലാഭം കൊയ്യുന്ന കുറുക്കുവഴികളിലൂടെ ലീഗ് സഞ്ചരിക്കാറില്ല. ഈ നിലപാടുകൾക്ക് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മാനവികതയ്ക്കപ്പുറം ഒരു രാഷ്ട്രീയമില്ല- തങ്ങൾ വ്യക്തമാക്കി.

Summary: 'Unity in the face of tragedy is important and politics is not above humanity', says Muslim League State President Panakkad Sayyid Sadik Ali Shihab Thangal

TAGS :

Next Story