'ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല'; സർക്കാർ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി
അങ്ങോട്ട് നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ഐടി വകുപ്പ് ഉത്തരവില്‍ അറിയിച്ചിരുന്നത്

തിരുവനന്തപുരം: സ്മാർട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്നും നിക്ഷേപമാണ് തിരികെനൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ഐടി വകുപ്പ് ഉത്തരവില്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ വാർത്താകുറിപ്പിലും ഇക്കാര്യം അറിയിച്ചിരുന്നു.
ഇതാണ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തിരുത്തിയത്. സ്മാർട്ട് സിറ്റി ഭൂമി ഏറ്റെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് ഏറ്റെടുക്കൽ നടക്കുക. ഭൂമി ആർക്കും പതിച്ചുനൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാർട്ട് സിറ്റികൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നിന്നുപോകില്ല. കേരളത്തിന്റെ വികസനത്തിൽ ഐടി മേഖലയ്ക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്. അതിന് ഉതകുംവിധത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുക എന്നതല്ല സർക്കാർ സമീപനം. ടീ കോമിനു നൽകുന്നത് നഷ്ടപരിഹാരമല്ല. നിക്ഷേപത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Summary: 'What is being given to TECOM is not compensation; it is investment money'; Kerala CM Pinarayi Vijayan clarifies in SmartCity Kochi row
Adjust Story Font
16

