ഫ്രഷ് കട്ട് സമരം; മഞ്ചേരി സ്വദേശി അറസ്റ്റിലായതിൽ വിവാദം ഉയരുന്നു
താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു

Photo| MediaOne
കോഴിക്കോട്: ഫ്രഷ് കട്ട് സമരത്തിൽ മഞ്ചേരി സ്വദേശി അറസ്റ്റിലായതിൽ വിവാദം ഉയരുന്നു. സമരസമിതിയുമായി ബന്ധമില്ലാത്ത വ്യക്തിയാണ് പിടിയിലായതെന്നും ഫ്രഷ് കട്ട് ഉടമകൾ ഇറക്കിയ സംഘത്തിലെ ആളാകാം അതെന്നും സമരസമിതി ചെയർമാൻ ബാബു പറഞ്ഞു.
താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സമരസമിതി പ്രവർത്തകൻ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി.
സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.
അതേസമയം സംഘർഷത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി പ്രാദേശിക നേതാവ് രംഗത്തെത്തിയിരുന്നു. ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടതെന്ന് സിപിഎം പ്രാദേശിക നേതാവ് ഗിരീഷ് ജോൺ പറഞ്ഞിരുന്നു.
Adjust Story Font
16

