താമരശ്ശേരി ഫ്രഷ് കട്ട് സമരം; തീവ്രവാദ ആരോപണത്തിനെതിരെ ക്ഷേത്രം, പള്ളിക്കമ്മിറ്റി ഭാരവാഹികൾ
എല്ലാ മതവിഭാഗങ്ങളും സംഘടനകളും സഹവർത്തിത്വത്തോടെ കഴിയുന്ന നാട്ടിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണം

Photo| MediaOne
കോഴിക്കോട്: താമരശേരിയിലെ ജനകീയ സമരത്തിൽ, തീവ്രവാദ ആരോപണമുന്നയിക്കുന്നതിനെതിരെ പ്രദേശത്തെ ക്ഷേത്രം, പള്ളിക്കമ്മിറ്റി ഭാരവാഹികൾ. എല്ലാ മതവിഭാഗങ്ങളും സംഘടനകളും സഹവർത്തിത്വത്തോടെ കഴിയുന്ന നാട്ടിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം സമരക്കാരെ സംശയനിഴലിൽ നിർത്തുന്ന നടപടി അംഗീകരിക്കാനാകില്ല എന്നും മത സാമുദായിക നേതാക്കൾ പറഞ്ഞു.
അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരായ സമരം അക്രമാസക്തമായതിനു പിന്നാലെ സിപിഎം നടത്തുന്ന പ്രചാരണങ്ങൾക്കെതിരെയാണ് മത സാമുദായിക നേതാക്കൾ രംഗത്ത് വന്നത്. സമരത്തിനെതിരായ തീവ്രവാദ ആരോപണം ദൗർഭാഗ്യകരമാണെന്ന് പ്രദേശത്തെ കരിങ്ങമണ്ണ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഏതെങ്കിലും ഛിദ്രശക്തികളല്ല ജനങ്ങളാണ് സമരം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.
ജനദ്രോഹ കമ്പനി ആറുവർഷമായിട്ടും അടച്ചുപൂട്ടാനാവാത്ത സർക്കാർ നടപടിയുടെ ജാള്യത മറച്ചുവെക്കാനാണ് സമരക്കാർക്കെതിരെ വർഗീയ, തീവ്രവാദ ആരോപണങ്ങളുന്നയിക്കുന്നതെന്ന് മുസ്‍ലിം മത നേതാക്കളും പറഞ്ഞു.
നാട്ടിൽ ഛിദ്രതയുണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്ന് പ്രദേശത്തെ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാദർ ബേസിൽ തമ്പിയും ആവശ്യപ്പെട്ടു. വിഷയത്തിൽ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ നേതൃത്വത്തിന്‍റെയും പൊലീസിന്‍റെയും നിലപാടുകൾക്കെതിരെ പ്രാദേശിക സിപിഎം പ്രവർത്തകരും രംഗത്ത് വന്നിരുന്നു.
Adjust Story Font
16

