ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് ഗൂഡാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്
'പോറ്റിക്ക് പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്'.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നും തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം. പ്രതികളുടെ കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തന്ത്രി ആചാര ലംഘനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലേക്ക് കൊണ്ടുപോയി. ഇവിടെ ജനുവരി 23 വരെ കിടക്കണം. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നൽകണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.
അതേസമയം, കട്ടിളപ്പാളി കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് നോട്ടീസിൽ വ്യക്തമാക്കുന്നു. താന്ത്രിക വിധികൾ പാലിക്കാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്. ദേവൻ്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും നോട്ടീസിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ അവസരങ്ങൾ നൽകിയത് തന്ത്രിയാണെന്നാണ് എസ്ഐടി കണ്ടെത്തൽ. മുൻ തിരുവിതാകൂർ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് കുരുക്കായി. ശബരിമലയിലെ മൂല്യമേറിയ വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ തന്ത്രിയുടെ അനുമതി വേണമെന്നിരിക്കെ സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവരുടെ ആദ്യ മൊഴി.
എന്നാൽ മഹസർ റിപ്പോർട്ടിലും കണ്ടെടുത്ത രേഖകളിലുമെല്ലാം തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്‌ഐടി മനസിലാക്കുകയും അതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു. തന്ത്രി അറിഞ്ഞാണ് സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വളർത്തിയതും ശബരിമലയിൽ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്നും അറസ്റ്റിലായ എ. പത്മകുമാർ അടക്കം മൊഴി നൽകിയിരുന്നു. ദൈവതുല്യനായ ഒരാൾക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും പത്മകുമാർ വ്യക്തമാക്കിയിരുന്നു. ആ ദൈവതുല്യൻ തന്ത്രിയാണെന്നും വ്യക്തമായി. ഇതോടെയാണ് തന്ത്രി കണ്ഠരര് രാജീവിന്റെ അറസ്റ്റിലേക്കെത്തിയത്.
പോറ്റി സ്വർണം പുറത്തേക്ക് കൊണ്ടുപോയതും മറ്റ് കാര്യങ്ങളും തന്ത്രിക്ക് അറിയാമായിരുന്നെന്നും കണ്ഠരര് രാജീവരരുടെ മൗനസമ്മതത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നടന്നതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുമായി ഫോൺ കോളടക്കം ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടോയെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്, തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. രണ്ടാംവട്ട ചോദ്യം ചെയ്യലിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. രാവിലെ ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതുവരെ 10 പേരാണ് കേസിൽ അറസ്റ്റിലായത്.
Adjust Story Font
16

