Quantcast

പാതയോരങ്ങളിലെ കൊടിതോരണം: പ്രചാരണാവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം

തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-03-20 09:52:43.0

Published:

20 March 2022 9:19 AM GMT

പാതയോരങ്ങളിലെ കൊടിതോരണം:  പ്രചാരണാവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം
X

പാതയോരങ്ങളിൽ കൊടിതോരണം കെട്ടുന്നതിന് നിരോധനമേർപ്പെടുത്തി പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സംസ്ഥാന സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം. ഓൺലൈനായി നടന്ന യോഗത്തിലെ തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതിനായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. pപാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷപ്രതികരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചിരുന്നത്. ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നു. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചർച്ച.

പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. കൊച്ചി നഗരത്തിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന്‌ മാടമ്പിമാർക്ക് ചെങ്കൊടി ഇഷ്ടമല്ലെന്നും അവരുടെ പിന്തുണയോടെയല്ല സിപിഎം ഇവിടെ വരെ എത്തിയതെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കി.

കോർപറേഷൻ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് എങ്ങനെയെന്നും നിയമലംഘനങ്ങളുടെ നേരെ കോർപറേഷൻ കണ്ണടച്ചത് എങ്ങനെയെന്നും കോടതി ചോദിച്ചു. നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപറേഷൻ സെക്രട്ടറി തുറന്ന് പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിന് കോർപറേഷൻ സെക്രട്ടറിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ നഗരത്തിലെ ബോർഡുകളും കൊടികളും പൂർണമായും മാറ്റിയെന്ന് കോർപറേഷൻ അറിയിച്ചു. 22 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.



The all-party meeting said that the opportunity to campaign by hoisting flags on the roadsides should not be denied

TAGS :

Next Story