Quantcast

കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി കേസ് ലീഗില്‍ സംഘടന പ്രതിസന്ധിയായി മാറുന്നു

ഹൈദരലി തങ്ങള്‍ക്ക് ഇഡി സമന്‍സ് ലഭിച്ചതില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ക്കുള്ള അതൃപ്തി പരസ്യമായത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-06 01:51:46.0

Published:

6 Aug 2021 1:28 AM GMT

കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി കേസ് ലീഗില്‍ സംഘടന പ്രതിസന്ധിയായി മാറുന്നു
X

ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി കേസ് മുസ്‍ലിം ലീഗില്‍ സംഘടനാ പ്രതിസന്ധിയായി മാറുന്നു. ഹൈദരലി തങ്ങള്‍ക്ക് ഇഡി സമന്‍സ് ലഭിച്ചതില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ക്കുള്ള അതൃപ്തി പരസ്യമായത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. മുഈനലി തങ്ങളെ പാര്‍ട്ടി തള്ളിയെങ്കിലും കോഴിക്കോട് ലീഗ് ഹൗസിലുണ്ടായ നാടകീയ രംഗങ്ങളുടെ അലയൊലി അടങ്ങാന്‍ സമയമെടുക്കും.

ഒരാഴ്ച മുന്‍പ് നടന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ രോഷപ്രകടനത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ ലീഗ് ഹൗസില്‍ നടന്നത്. ചന്ദ്രിക കള്ളപ്പണക്കേസില്‍ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തതും പാര്‍ട്ടി ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മയും ലീഗ് യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഹൈദരലി തങ്ങള്‍ പ്രതിസ്ഥാനത്ത് വന്ന സംഭവത്തില്‍ പാണക്കാട് കുടുംബത്തിനുള്ള കടുത്ത വിഷമമാണ് മുഈനലി തങ്ങളിലൂടെ പരസ്യമായത്. ചന്ദ്രിക കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ വിശദീകരണങ്ങളില്‍ പാണക്കാട് കുടുംബം തൃപ്തരല്ലെന്ന് കൂടി ഇതോടെ വ്യക്തമായി.

മുഈനലി തങ്ങളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ സലാം തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിന്‍റെ അലയൊലി എളുപ്പം അടങ്ങില്ല. രാഷ്ട്രീയത്തിന് അതീതതമായി സമൂഹം ബഹുമാനിക്കുന്ന പാണക്കാട് കുടുംബാംഗത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ പാര്‍ട്ടി ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതും സംഘടനാപരമായി ലീഗിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ഇന്നലെ രാത്രി തന്നെ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ ഫോണില്‍ കൂടിയാലോചന നടത്തി.വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് നേതാക്കള്‍ ഉടന്‍ യോഗം ചേരും. ഐസ്ക്രീം കേസിന്‍റെ കാലത്ത് ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയായ റാഫി പുതിയ വളപ്പിലാണ് മുഈനലി തങ്ങളെ ലീഗ് ഓഫീസില്‍ കയറി അസഭ്യം പറഞ്ഞത്. ഇതും നേതൃത്വത്തിന് അലോസരമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.



TAGS :

Next Story