തസ്മിദ് ഇപ്പോഴും കാണാമറയത്ത്; കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ കുട്ടിയുടെ ദൃശ്യമില്ല
കുട്ടി കന്യാകുമാരിയിലെത്തിയെന്ന് ഉറപ്പിക്കാതെ പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിനി തസ്മിദ് തംസത്തിനെ (13) കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു. കുട്ടി കന്യാകുമാരിയിലെത്തിയതിന് സ്ഥിരീകരണമായിട്ടില്ല. കുട്ടിയെ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ അറിയിച്ചിരുന്നു. എന്നാൽ, ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ കുട്ടിയുടെ ദൃശ്യങ്ങളില്ല.
കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാഗർകോവിൽ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പരിശോധന നടത്തി. നാഗർകോവിൽനിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ കന്യാകുമാരിയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് പരിശോധന തുടരുകയാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന.
കുട്ടിയുടെ കുടുംബത്തെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.
Adjust Story Font
16

