കുടിശ്ശിക നൽകാം; സ്പോർട്സ് കൗൺസിലിന് മൂന്ന് കോടി അനുവദിച്ച് സർക്കാർ
നടപടി മീഡിയവൺ വാർത്തയെ തുടർന്ന്
തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിലിന് മൂന്ന് കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകൾക്കും അക്കാദമികൾക്കുമായാണ് മൂന്ന് കോടി രൂപ അനുവദിച്ചത്. മെസ്സ് ബില്ലിന്റെ കുടിശ്ശിക നൽകാനാണ് തുക. അടുത്ത ആഴ്ച മുതൽ തുക വിതരണം ചെയ്യും.
രണ്ടാഴ്ച മുമ്പ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചതോടെ രണ്ടുദിവസത്തിനകം മുഴുവൻ കുടിശ്ശികയും നൽകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് അറിയിച്ചിരുന്നു. മൂന്നു കോടി രൂപയുണ്ടെങ്കിൽ മാത്രമേ കുടിശ്ശികയടക്കം നൽകാനാകൂവെന്നും സർക്കാരാണ് തുക നൽകേണ്ടതെന്നും സ്പോർട്സ് കൗൺസിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ 82 സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലായി 1800ലധികം കായിക താരങ്ങളാണുള്ളത്. ഒരാൾക്ക് ദിവസം 250 രൂപ വീതമാണ് ഭക്ഷണം ചെലവ് വരിക. സർക്കാരിൽനിന്നും തുക കിട്ടാതായതോടെ ജീവനക്കാർ സ്വന്തം കയ്യിൽ നിന്നാണ് താരങ്ങൾക്കുള്ള ഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാൻ ആകില്ലെന്ന് താൽക്കാലിക ജീവനക്കാർ വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ മാനേജ്മെന്റുകളുടെ കൂടി സഹായത്തോടെയാണ് ഭക്ഷണം നൽകുന്നത്. 2024-25 വർഷത്തിൽ പ്ലാൻ ഫണ്ടിൽനിന്ന് 34 കോടിയും നോൺ പ്ലാൻ ഫണ്ടിൽനിന്ന് 16 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം ബാക്കിനിൽക്കെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 8 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
Adjust Story Font
16