'കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല'; മന്ത്രി ആർ. ബിന്ദു
എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്

തിരുവനന്തപുരം: കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കീം റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിങ് കോളജ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ മാസം 16ന് രാവിലെ 11 വരെ അപേക്ഷ നൽകാം. ആദ്യ അലോട്ട്മെന്‍റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.
ഫാർമസി കോളജുകളിലേക്കുള്ള അപേക്ഷാ തിയതി പിന്നീട് അറിയിക്കും. സമയമെടുത്ത് സർക്കാർ തീരുമാനിച്ച മാർക്ക് ഏകീകരണം ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളും തള്ളിയതോടെയാണ്, പഴയ രീതിയിലേക്ക് കടക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികളിലേക്ക് സർക്കാർ കടന്നത്.
Adjust Story Font
16

