Quantcast

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ സാധ്യത

MediaOne Logo

Web Desk

  • Updated:

    2025-10-18 03:28:56.0

Published:

18 Oct 2025 6:52 AM IST

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും
X

Photo|MediaOne News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ചില പ്രഖ്യാപനങ്ങളെക്കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ട്.

പിശുക്കനായ ധനമന്ത്രി എന്നാണ് കെ.എൻ ബാലഗോപാലിനെ കുറിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ പോലും വിമർശിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വ കുപ്പുകൾക്ക് പണം അനുവദിക്കുന്നില്ല എന്നായിരുന്നു പ്രധാന പരാതി. എന്നാൽ ഭരണത്തിന്റെ അവസാന വർഷം ധനമന്ത്രി വിശാലമനസ്‌കൻ ആകുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്

ക്ഷേമ പെൻഷൻ 2500 രൂപയാകും എന്നായിരുന്നു പ്രകടനപത്രികയിൽ ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അധികാരമേറ്റ് നാലുവർഷം കഴിഞ്ഞിട്ടും 100 രൂപ പോലും വർധിപ്പിച്ചിട്ടുണ്ടായിരുന്നില്ല. നിലവിൽ 1600 രൂപയുള്ള ക്ഷേമപെൻഷൻ 2000 ആക്കി വർധിപ്പിക്കണം എന്ന് ആലോചനയാണ് സർക്കാർ തലത്തിൽ നടക്കുന്നത്. നിലവിലെ ഒരു മാസത്തെ കുടിശ്ശികയും നൽകും.

അഞ്ചുവർഷം കൂടുമ്പോഴുള്ള ഒരു ചടങ്ങാണ് സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുക എന്നത്. അവർക്ക് തൃപ്തിപ്പെടണമെങ്കിൽ ശമ്പള വർധനവ് ഉണ്ടാകണം. ശമ്പള പരിഷ്‌കരണ കമ്മീഷനെ ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നോട്ടിലൂടെ വോട്ട് പിടിക്കാൻ ശമ്പള പരിഷ്‌കരണ കമ്മീഷനെയും സർക്കാർ ഉടൻ പ്രഖ്യാപിക്കും.

ഭിന്നശേഷി സംവരണ വ്യവസ്ഥകൾ മൂലമുള്ള എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ആശാവർക്കർമാരുടെ ഓണറേറിയം വർധനവാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് നേരത്തെ ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നെങ്കിൽ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. അതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. ഒന്നാം തീയതിയിലെ നിയമസഭാ സമ്മേളനത്തിൽ ആയിരിക്കും പ്രഖ്യാപനങ്ങൾ ഉണ്ടാവുക,അതിനു പിന്നാലെ ഒരാഴ്ചയ്ക്കകം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

TAGS :

Next Story