അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി. തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ട്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് നിരീക്ഷണം.
ഉപയോക്താക്കൾക്ക് നൽകാൻ അശ്ലീല വീഡിയോ കാസറ്റുകൾ തന്റെ കടയിൽ സൂക്ഷിച്ചു എന്നതാണ്, കോട്ടയം കൂരോപ്പട സ്വദേശിക്കെതിരായ കുറ്റം. എന്നാൽ 27 വർഷത്തിനുശേഷം ഇയാളെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പിടിച്ചെടുത്ത കാസറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോയെന്നത് മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ച് ഉറപ്പാക്കിയില്ല എന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ നടപടി. എത്ര സാക്ഷിമൊഴികൾ ഉണ്ടെങ്കിലും, തൻറെ മുന്നിലെത്തുന്ന തെളിവുകൾ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുന്നത് മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
10 കാസറ്റുകൾ ആണ് കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. പിന്നാലെ, അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനുമെതിരെയുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കോട്ടയം മജിസ്ട്രേറ്റ് കോടതി ഇയാളെ കേസിൽ ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരെ അപ്പീൽ പോയെങ്കിലും ശിക്ഷ പകുതിയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്. പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
തഹസിൽദാർ കാസറ്റ് പരിശോധിച്ച് അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ വീഡിയോ കാസറ്റിൽ ഇത്തരം ദൃശ്യങ്ങൾ ഉണ്ട് എന്നത് കേസ് പരിഗണിച്ച മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് ഹരജിക്കാരന്റെ പ്രധാന വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സെഷൻസ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഹരജിക്കാരനെ കുറ്റവിമുക്തനാക്കി.
Adjust Story Font
16

