Quantcast

സിവിക് ചന്ദ്രൻ കേസിലെ വിവാദപരാമർശം; സ്ഥലംമാറ്റ ഉത്തരവിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി ഹൈക്കോടതി

നടപടിയില്‍ അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

MediaOne Logo

Web Desk

  • Updated:

    2022-09-01 05:34:32.0

Published:

1 Sep 2022 5:32 AM GMT

സിവിക് ചന്ദ്രൻ കേസിലെ വിവാദപരാമർശം; സ്ഥലംമാറ്റ ഉത്തരവിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി ഹൈക്കോടതി
X

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രൻ പ്രതിയായ ​ലൈംഗികപീഡന കേസിൽ സ്ത്രീവിരുദ്ധ- വിവാദപരാമർശം നടത്തിയ ജഡ്ജിയുടെ ഹരജി തള്ളി ഹൈക്കോടതി. വിവാദപരാമർശത്തിൽ സ്ഥലംമാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സെഷൻസ് കോടതി മുൻ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലെ വിവാദ പരാമർശത്തിന്റെ പേരിൽ കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.

ജസ്റ്റിസ് അനു ശിവറാമാണ് ഹരജി തള്ളിയത്. കഴിഞ്ഞദിവസം ഈ ഹരജി പരിഗണിക്കുമ്പോള്‍, ജഡ്ജിയുടെ സ്ഥലംമാറ്റത്തില്‍ അപാകതയില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് വിധി പറഞ്ഞത്.

അടുത്ത വര്‍ഷം മെയ് 31ന് വിരമിക്കുന്നതുവരെ തന്നെ കോഴിക്കോട് ജില്ലാ ജഡ്ജിയായി തുടരാന്‍ അനുവദിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. സ്ഥലംമാറ്റ നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നടപടിയില്‍ അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ സിവിക് ചന്ദ്രനെതിരെ ചുമത്തിയ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുൾപ്പെടെയുള്ള ജഡ്ജിയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്. കൊല്ലം ലേബര്‍ കോര്‍ട്ടിലെ പ്രിസൈഡിങ് ഓഫീസറായി നിയമിച്ചായിരുന്നു സ്ഥലംമാറ്റം.

എസ് കൃഷ്ണകുമാറിന്റെ വിവാദ ഉത്തരവിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് ഇരയായ യുവതി വ്യക്തമാക്കിയിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവാദ പരാമർശമുണ്ടായത്.

പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഉത്തരവിലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി രം​ഗത്തെത്തിയത്.

TAGS :

Next Story