Quantcast

അട്ടപ്പാടി മധു വധക്കേസ്: സി.രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

18നാണ് മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതി കേസ് പരിഗണിക്കുക

MediaOne Logo

Web Desk

  • Updated:

    2022-02-16 19:27:41.0

Published:

16 Feb 2022 4:04 PM GMT

അട്ടപ്പാടി മധു വധക്കേസ്: സി.രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
X

അട്ടപ്പാടി മധു വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാടു നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. 18നാണ് മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതി കേസ് പരിഗണിക്കുക.

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടു പോകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്. മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്. കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ കേസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നാണ് കേസിൽ ഹാജരാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വി.ടി രഘുനാഥ് വ്യക്തമാക്കി. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാൽ നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.

മധുവിന്റെ കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ലഭ്യമാക്കുമെന്ന് മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു. വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് നിയമമന്ത്രി പി രാജീവ് മമ്മൂട്ടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും പിആർഒ അറിയിച്ചു. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞയുടൻ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് പറഞ്ഞു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് തന്ന കർശന നിർദേശം. സംസ്ഥാന നിയമമന്ത്രി പി രാജീവിനെയും അദ്ദേഹം അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭനായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടുമെന്ന ഉറപ്പും മന്ത്രി നൽകിയെന്നും റോബർട്ട് അറിയിച്ചു.

സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ച വിവരം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണമായി ഉപയോഗപ്പെടുാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി. തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നതിനനുസരിച്ച് ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനും അല്ലെങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.

നേരത്തെ നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ച വിവരം മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തിയിരുന്നു. മധുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ള കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞിരുന്നു.

കേസ് നേരത്തേ പരിഗണിക്കാൻ ഹൈക്കോടതി ഇടപെട്ടിരുന്നു. സംഭവത്തിലെ കുറ്റപത്രം നേരത്തെ പുറത്തുവന്നിരുന്നു. മധുവിനേറ്റത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനമാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്. വടികൊണ്ടുള്ള അടിയിൽ മധുവിന്റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവർ മധുവിനെ ക്രൂരമായി മർദ്ദിച്ചു. വടികൊണ്ടുള്ള ഷംഷുദ്ദീന്റെ അടിയിലാണ് മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഷംഷുദ്ദീൻ സി.ഐ.ടി.യു നേതാവും ഡ്രൈവറുമാണ്. ഒന്നാം പ്രതി ഹുസൈൻ മധുവിന്റെ നെഞ്ചിൽ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു.

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികൾ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു.

The Home Department has appointed senior advocate C Rajendran in the High Court as the special public prosecutor in the Attappadi Madhu murder case.

TAGS :

Next Story