മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും
പൂനെയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയത്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായി പൂനെയിൽ കണ്ടെത്തിയ പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും. ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുക. കുട്ടികളുടേത് സാഹസിക യാത്രയാണെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു. ഒപ്പം പോയ യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.
പൂനെയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയത്. തുടർന്ന് കൊണ്ടുവരാനായി താനൂരിൽ നിന്നുള്ള പോലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. ഉച്ചയോടെ സംഘം കുട്ടികൾക്ക് അടുത്തെത്തി. സംഘം കുട്ടികളുമായി ഇന്ന് വൈകുന്നേരം പൂനെയിൽ നിന്ന് മടങ്ങും. നാളെ ഉച്ചയോടെ തിരൂരിൽ എത്തും.
കുട്ടികൾ വന്നതിനുശേഷം ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ബ്യൂട്ടിപാർലറിൽ എത്തുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ബ്യൂട്ടി പാർലർ ഉടമ ലൂസി മീഡിയാവണിനോട് പറഞ്ഞു.
മക്കളെ കണ്ടെത്തിയതിൽ ഏറെ ആശ്വാസം ഉണ്ടെന്നും മകളുമായി ഫോണിൽ സംസാരിച്ചതായും കുടുംബം പ്രതികരിച്ചു.
Adjust Story Font
16

