Quantcast

കേരളത്തിൽ കാലവർഷം എത്തി; അടുത്ത 10 ദിവസം എന്ത് സാഹചര്യത്തെയും പ്രതീക്ഷിക്കണമെന്ന് കെ രാജൻ

3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ട്. 3950 ക്യാമ്പുകളിലായി 5 ലക്ഷത്തിലധികം പേരെ പാർപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    24 May 2025 4:58 PM IST

കേരളത്തിൽ കാലവർഷം എത്തി; അടുത്ത 10 ദിവസം എന്ത് സാഹചര്യത്തെയും പ്രതീക്ഷിക്കണമെന്ന് കെ രാജൻ
X

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ കേരളത്തിൽ മൺസൂൺ കാറ്റും ഇന്ന് മൺസൂണും എത്തിയതായി മന്ത്രി വ്യക്തമാക്കി. അറബിക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. അടുത്ത പത്ത് ദിവസം എന്ത് സാഹചര്യത്തെയും പ്രതീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ട്. 3950 ക്യാമ്പുകളിലായി 5 ലക്ഷത്തിലധികം പേരെ പാർപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. അലർട്ട് മാത്രം നോക്കിയാൽ പോരെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ജില്ലാ കലക്ടർമാർക്ക് ഓരോ കോടി രൂപ വീതം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്. എല്ലാ സേനയും സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എൻഡിആർഎഫിന്റെ പുതിയ 9 ടീമുകൾ കൂടി ജൂൺ ഒന്നു മുതൽ കേരളത്തിലേക്ക് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയപാതയുമായി ബന്ധപ്പെട്ടുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാരിന് ജില്ലാ കലക്ടർമാർ നൽകണമെന്ന് നിർദേശം നൽകി. ക്യാമ്പുകളിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ അടക്കം തുടങ്ങാനുള്ള സൗകര്യം ഒരുക്കും.100 ഇടങ്ങളിൽ കവചം പ്രവർത്തിക്കുന്നുണ്ടെന്നും ഡാമുകളുടെ യോഗം ഇന്നലെത്തന്നെ ചേർന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

റവന്യൂ ഉദ്യോഗസ്ഥർ ജൂൺ രണ്ടാം തീയതി വരെ ലീവ് എടുക്കരുതെന്നും റൂൾ കർവ് കൃത്യമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങൾ നടത്തിയാൽ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

നിലവിൽ രണ്ട് ക്യാമ്പുകൾ മാത്രമാണ് ആരംഭിച്ചത്. എപ്പോൾ വേണമെങ്കിലും മറ്റ് ക്യാമ്പുകളും ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും പ്രത്യേക സാഹചര്യം ഉണ്ടായാൽ ഉടൻ സൈറൻ മുഴങ്ങുമെന്നും എല്ലാ സംവിധാനവും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story