ബിജെപി ഹൈജാക്ക് ചെയ്യുമെന്ന വാർത്ത വന്നതിനാലാകും ഐക്യ ചർച്ചയിൽ നിന്നും എൻഎസ്എസിനെ മാറി ചിന്തിപ്പിച്ചത്: കെ. മുരളീധരൻ
ബിജെപിയുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ലാത്ത ആളാണ് സുകുമാരൻ നായരെന്നും മുരളീധരൻ

തിരുവനന്തപുരം: ബിജെപി ഹൈജാക്ക് ചെയ്യുമെന്ന വാർത്ത വന്നതിനാലാകും ഐക്യ ചർച്ചയിൽ നിന്നും എൻഎസ്എസിനെ മാറി ചിന്തിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
തുഷാർ വെള്ളാപ്പള്ളിയെ അയച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. ബിജെപിക്കാരെ പൊതുവേ അവിടെ അടുപ്പിക്കാറില്ലെന്നും മുരളിധരൻ.പ്രോ ബിജെപി ലൈനിലേക്ക് പോകുമോ എന്ന് എൻഎസ്എസിന് തോന്നിക്കാണും. ആ ലൈനിലേക്ക് പോയപ്പോൾ അവർ തടയിട്ടു. ബിജെപിയുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ലാത്ത ആളാണ് സുകുമാരൻ നായർ. മന്നം ജയന്തിക്ക് പോലും ബിജെപിക്കാരെ സാധാരണ അടുപ്പിക്കാറില്ല. അതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് എല്ലാകാലത്തും ശരി ദൂരത്തിൽ സമദൂരം കണ്ടെത്തുന്നവരാണ്. അത് ചിലപ്പോൾ എങ്കിലും യുഡിഎഫിന് സഹായം ആയിട്ടുണ്ട്. ഇതുവരെ ബിജെപി അനുഭാവം കാണിച്ചിട്ടില്ല.
എൻഎസ്എസ് - എസ്എൻഡിപി കാര്യത്തിൽ ഇടപെടാറില്ല. ഐക്യമൊക്കെ നല്ലതാണെന്നും എന്നാൽ ഐക്യം മറ്റുള്ളവർക്ക് എതിരാവരുതെന്നും കെ. മുരളീധരൻ.
Adjust Story Font
16

