ബാറുകളുടെ എണ്ണം 29 ൽ നിന്ന് 854 ആയി; ലൈസൻസ് പുതുക്കിയതിലൂടെ നാല് വർഷത്തിനുള്ളിൽ സർക്കാരിലെത്തിയത് 1225 കോടി
45 ക്ലബ്ബുകളുടെ ലൈസൻസ് ഫീസ് പുതുക്കാൻ ലഭിച്ചത് 41.85 കോടി രൂപയാണ്

കൊച്ചി: സംസ്ഥാനത്ത് തഴച്ചുവളർന്ന് മദ്യവ്യവസായം. കഴിഞ്ഞ ഒരു വർഷത്തിനിടെ 17,000 കോടിയുടെ മദ്യം ബിവറേജസ് വഴി മാത്രം കുടിച്ചുതീർത്ത കേരളത്തിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെയും ഖജനാവിലെത്തുന്നത് കോടികളാണെന്ന് കണക്കുകൾ പറയുന്നു.
2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 854 ആയി. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന്റെ അക്കൗണ്ടിലെത്തിയത് 1225.57 കോടി രൂപയാണ്.
35 ലക്ഷം രൂപയാണ് നിലവിൽ ബാർ ലൈസൻസ് ഫീസ്. ഏറ്റവുമധികം ലൈസൻസ് ഫീസ് ലഭിച്ചത് എറണാകുളത്ത് നിന്നാണ്. 304.07 കോടിരൂപയാണ് ലഭിച്ചത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത് 156.15 കോടിരൂപയാണ് ലഭിച്ചത്. 134.43 കോടി കിട്ടിയ തലസ്ഥാന ജില്ലയാണ് മൂന്നാമത്. 15.59 കോടി ലഭിച്ച കാസർഗോഡാണ് ഏറ്റവും കുറവ്.
2021 മുതൽ ആരംഭിച്ച ബാറുകളിൽ നിന്ന് മാത്രം ഫീസിനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 7.20 കോടി രൂപയാണ് ലഭിച്ചതെങ്കിൽ. 2022-23 ൽ 96 കോടിയായി ഉയർന്നു. 2023-24ൽ 13.65 കോടി, 2024-25ൽ 15.75 കോടി എന്നിങ്ങനെ സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇത് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
യുഡിഎഫ് സർക്കാർ പൂട്ടിയ 282 ബാറുകൾ തുറക്കാൻ അനുമതി നൽകിയാണ് പിണറായി സർക്കാരിന്‍റെ ആദ്യ മദ്യനയം . ലൈസൻസ് പുതുക്കൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിച്ചത്. ത്രീ സ്റ്റാറിലേക്കെത്തി ലൈസൻസ് നേടിയ ബിയർ-വൈൻ പാർലറുകളെയും ലൈസൻസ് പുതുക്കലായി പരിഗണിച്ച് പുതിയ ബാറുകളുടെ കണക്കിൽനിന്നും ഒഴിവാക്കി. ഇതിലൂടെ മാത്രം 442 ബാറുകൾ തുറന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ 200 ബാറുകൾ കൂടി അനുവദിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 671 ആയി ഉയർന്നിരുന്നു.
രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ 130 ബാറുകൾക്ക് പുതിയതായി ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിൽ 33 എണ്ണം ബിയർ-വൈൻ പാർലറുകളിൽനിന്ന് ബാറുകളായി മാറിയവയാണ്. ശേഷിക്കുന്ന 97 മാത്രമാണ് പുതിയ ബാറുകളെന്നാണ് സർക്കാർ വാദം.
ക്ലബ്ബുകൾ വഴിയെത്തുന്നതും കോടികൾ
സംസ്ഥാനത്ത് എഫ്എൽ4എ ലൈസൻസ് വഴി പ്രവർത്തിക്കുന്ന 45 ക്ലബ്ബുകളാണുള്ളത്. ഇവയുടെ ലൈസൻസ് ഫീസ് നിലവിൽ 20 ലക്ഷം രൂപയാണ്. 2021-22 മുതൽ 2024-25 വരെ ക്ലബ്ബുകളുടെ ലൈസൻസ് ഫീസ് പുതുക്കാൻ ലഭിച്ചത് 41.85 കോടി രൂപയാണ്.
ഏറ്റവുമധികം ക്ലബ്ബുകളുള്ളത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ തുക ലൈസൻസ് ഫീസായി ലഭിച്ചതും ഇവിടെ നിന്ന് തന്നെയാണ്. 2021-22 സാമ്പത്തിക വർഷം മുതൽ 2024-25 വരെ 15.68 കോടിയാണ് ലഭിച്ചത്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ എഫ്.എൽ4എ ലൈസൻസുള്ള ക്ലബ്ബുകളില്ല. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം എക്സൈസ് കമീഷണറേറ്റിൽ നിന്നും ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. കഴിഞ്ഞ ഒരു സാമ്പത്തിക വർഷത്തിനിടെ ബിവറേജസ് കോർപറേഷൻ വഴി മാത്രം വിറ്റത് 17881.73 കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യവും 1680.12 കോടിയുടെ ബിയറും വൈനുമാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു.
ജില്ല | ബാർ ലൈസൻസ് പുതുക്കാൻ ലഭിച്ചത് (തുക കോടിയിൽ) | ക്ലബ്ബ് ലൈസൻസ് പുതുക്കാൻ ലഭിച്ചത് |
തിരുവനന്തപുരം | 134.4 | 3.5 |
കൊല്ലം | 100.25 | 1.05 |
ആലപ്പുഴ | 68.68 | 1.98 |
പത്തനംതിട്ട | 43.10 | 0.96 |
ഇടുക്കി | 36.63 | ഇല്ല |
കോട്ടയം | 104.96 | 3.8 |
എറണാകുളം | 304.07 | 15.68 |
തൃശ്ശൂർ | 156.15 | 6.6 |
പാലക്കാട് | 74.30 | 3.9 |
മലപ്പുറം | 47.03 | ഇല്ല |
വയനാട് | 25.12 | ഇല്ല |
കോഴിക്കോട് | 60.28 | 3.15 |
കണ്ണൂർ | 55.05 | ഇല്ല |
കാസർഗോഡ് | 15.59 | 0.99 |
Adjust Story Font
16

