ഇവിടെ ജനാധിപത്യ സർക്കാരില്ല, അതുണ്ടെങ്കിലല്ലേ സമരത്തിന് വിലയുള്ളൂ: ഭൂമി ആവശ്യപ്പെട്ടുള്ള ആദിവാസികളുടെ സമരം അവസാനിപ്പിച്ചു
ഇനി നിയമപരമായി മുന്നോട്ടു പോകുമെന്ന് സമരസമിതി

മലപ്പുറം: ഭൂമി ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിവന്നിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. 221 ദിവസം നീണ്ട സമരമാണ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയത്. ഇനി നിയമപരമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു.
തല ചായ്ക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ മണ്ണ് തരൂ. മരിച്ചാൽ മറവ് ചെയ്യാൻ സ്വന്തമായി ആറടി മണ്ണ് തരൂ എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. ആദിവാസികൾ ഭൂസമരം നടത്തിയിരുന്നത്. കഴിഞ്ഞ ഏഴുമാസമായി സമരം തുടരുകയായിരുന്നു. എന്നാൽ ഇനി നിയമ പോരാട്ടം തുടരാനാണ് സമരസമിതിയുടെ തീരുമാനം
ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ബിന്ദു വൈലാശ്ശേരി നമുക്ക് ഇവിടെ ഒരു ജനാധിപത്യ സർക്കാർ ഇല്ല എന്ന് ഉറച്ചു പറയാമെന്നും കൂട്ടിച്ചേർത്തു. ജനാധിപത്യ സർക്കാരിന്റെ മുന്നിലാണ് സമരങ്ങൾക്ക് വിലയുള്ളത്. ഇവിടെ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്നുള്ളതാണ് കേരളത്തെ വേദനിപ്പിക്കുന്നത്. നമുക്ക് ആരാണോ കരാറിൽ ഒപ്പിട്ട് തന്നിട്ടുള്ളത് ആ ഒപ്പിട്ടു തന്ന ആള് അതിനെ മറുപടി പറയട്ടെയെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.
ഗ്രോ വാസു,കെ അജിത മനുഷ്യാവകാശ പ്രവർത്തകർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. ഭൂമി നൽകണമെന്ന് സുപ്രിംകോടതിയിൽ നിന്ന് വിധി ഉണ്ടായിട്ടും അധികാരികൾ അതിന് തയ്യാറാകുന്നില്ലെന്നും സർക്കാരും സംവിധാനങ്ങളും തങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
Adjust Story Font
16

