Quantcast

ആർഎസ്എസ് കൂടിക്കാഴ്ച: എഡിജിപിയുടെ മൊഴി രേഖ​പ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു

ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്

MediaOne Logo

Web Desk

  • Updated:

    2024-09-27 18:02:29.0

Published:

27 Sept 2024 8:28 PM IST

ADGP
X

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണത്തിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ആറര മണിക്കൂറാണ് വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് പൂർത്തിയായി രാത്രിയോടെ അജിത് കുമാർ പൊലീസ് ആസ്ഥാനത്തുനിന്ന് മടങ്ങി. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ഐജി സ്പർജൻ കുമാർ അടക്കമുള്ളവരെ ഒഴിവാക്കിയാണ് ഉച്ചയ്ക്ക് ശേഷമുള്ള മൊഴിയെടുപ്പ് നടന്നത്.

എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കഴിഞ്ഞദിവസമാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രണ്ട് കൂടിക്കാഴ്ചകളും അന്വേഷിക്കുന്നുണ്ട്. എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെയും മൊഴിയെടുക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നവരുടെ മൊഴിയാണ് എടുക്കുന്നത്.

കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് സ്​പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സംസ്ഥാന സർക്കാറിന് നേരത്തേ ലഭിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവർ എഡിജിപിയുടെ കൂടെയുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിൽ അറിയിച്ചിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ നേരത്തേ എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തിയിരുന്നു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ ആദ്യ കൂടിക്കാഴ്ച. തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിരത്തിൽ നടന്ന ആർഎസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. 2023 മെയ് രണ്ടിനായിരുന്നു കൂടിക്കാഴ്ച.

ഒരു​ മുറിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും ഒരു മണിക്കൂറോളം നീണ്ടുവെന്നുമാണ് വിവരം. ആ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവ് എ. ജയകുമാറും പ​ങ്കെടുത്തിരുന്നു. ജയകുമാറിന്റെ വാഹനത്തിലാണ് അജിത് കുമാർ പോയതെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും മൗനം പാലിക്കുകയായിരുന്നു.

രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത് 2023 ജൂൺ രണ്ടിന് കോവളത്തെ ഹോട്ടലിലാണ്. ആർഎസ്എസ് നേതാവ് രാം മാധവുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ ബിസിനസ് സുഹൃത്തുക്കളും പ​​ങ്കെടുത്തിരുന്നു.

TAGS :

Next Story