യുവാവിന്റെ ആത്മഹത്യ: പീഡിപ്പിച്ച ആർഎസ്എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വി.കെ സനോജ്
'ശാഖയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എത്രയോ കാലമായി പറയുന്നു'.

Photo|MediaOne
തിരുവനന്തപുരം: കോട്ടയത്ത് ജീവനൊടുക്കിയ യുവാവിനെ പീഡിപ്പിച്ച ആർഎസ്എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ശാഖയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് ആത്മഹത്യാ കുറിപ്പ്.
ശാഖയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എത്രയോ കാലമായി പറയുന്നു. ആർഎസ്എസ് ശാഖയിലേക്ക് തെറ്റിധാരണ മൂലം പോയവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വി.കെ സനോജ് പറഞ്ഞു. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്.
ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്.
അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പിൽ നടക്കുന്നത് പീഡനങ്ങളാണ്. താൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് ഇത് പറയാൻ പറ്റുന്നതെന്നും യുവാവ് ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു.
Adjust Story Font
16


