Quantcast

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന നിലപാട് യുഡിഎഫിനില്ല; മന്ത്രി അബ്ദുറഹ്മാൻ തികഞ്ഞ മതേതരവാദിയെന്നും ചെന്നിത്തല

വിഴിഞ്ഞത്തിന് വേണ്ടി ഉമ്മൻചാണ്ടി ധീരമായ തീരുമാനം എടുത്തു. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ല.

MediaOne Logo

Web Desk

  • Updated:

    2022-12-06 10:48:01.0

Published:

6 Dec 2022 9:24 AM GMT

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന നിലപാട് യുഡിഎഫിനില്ല; മന്ത്രി അബ്ദുറഹ്മാൻ തികഞ്ഞ മതേതരവാദിയെന്നും ചെന്നിത്തല
X

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന് യുഡിഎഫ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന നിലപാട് യുഡിഎഫിനില്ല. വിഴിഞ്ഞത്തിന് വേണ്ടി ഉമ്മൻചാണ്ടി ധീരമായ തീരുമാനം എടുത്തു. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ല. 2019ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണെന്നും നിയമസഭയിൽ നടന്ന ചർച്ചയിൽ ചെന്നിത്തല പറഞ്ഞു.

മന്ത്രി‍ക്കെതിരെ പുരോഹിതൻ‍ പറഞ്ഞതിനെ യുഡിഎഫ് എതിർത്തു. ജലീലിനേക്കാൾ അബ്ദുർറഹ്മാനെ ഞങ്ങൾക്ക് അറിയാം. അബ്ദുറഹ്മാൻ തികഞ്ഞ മതേതരവാദിയാണ്. അക്രമത്തോട് യോജിപ്പില്ല. ആര് അക്രമം നടത്തിയാലും അത് ശരിയല്ല. ഈ നാട്ടിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ ഇടപെടേണ്ട മുഖ്യമന്ത്രിക്ക് മൗനം പാലിക്കുന്നു. മുഖ്യമന്ത്രീ അങ്ങേയ്ക്ക് എന്ത് പറ്റി? മുഖ്യമന്ത്രി പക്വതയോടെയും ഉയർന്നും പ്രവർത്തിക്കണം. 133 ദിവസം ഈ സമരം നടന്നിട്ടും മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്.

ഈ പദ്ധതി കൊണ്ടുവന്നത് ഞങ്ങളായതുകൊണ്ടുതന്നെ ഈ പദ്ധതി നടപ്പാക്കണമെന്നാണ് ആദ്യം മുതൽ ഞങ്ങളുടെ ആഗ്രഹം. പക്ഷേ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണം. ആനാവൂർ നാഗപ്പനും വി വി രാജേഷും കൈകോർത്ത് നടത്തുന്ന സമരം മത്സ്യത്തൊഴിലാളികൾക്കെതിരെ ബിജെപിയും സിപിഎമ്മും ചേർന്നുനടത്തുന്ന സമരമായി കാണുന്നു. ഐഎസ്ആർഒയ്ക്കും വിമാനത്താവളത്തിനും സമയം കൊടുത്തത് മത്സ്യത്തൊഴിലാളികളാണ്.

അവർ സ്വന്തം വീടും മണ്ണും രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിന് നൽകിയവരാണ്. അവരെ കൂടെനിർത്തി വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പകരം അവരെ മർദിച്ചൊതുക്കാനും അവർക്ക് നേരെ പൊലീസിനേയും കേന്ദ്ര സേനയേയും ഉപയോഗിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‌7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

6000 കോടിയുടെ പദ്ധതിയിൽ 7000 കോടിയുടെ അഴിമതി എങ്ങനെ വരും. പദ്ധതി മുടക്കാൻ വേണ്ടി മുന്നോട്ടുവന്നത് ആരാണ്? ഉദ്ഘാടന ചടങ്ങിൽ പോലും നിങ്ങൾ പങ്കെടുത്തില്ല. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഈ സർക്കാർ എന്ത് ചെയ്തു? പാറ ഇല്ലെങ്കിൽ പാറ കൊടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മന്ത്രി അഹമ്മദ് ദേവർകോവിലിനെ അഭിനന്ദിച്ചും ചെന്നിത്തല രം​ഗത്തെത്തി. ദേവർകോവിലിനെ അഭിനന്ദിക്കുന്നു, അദ്ദേഹം കുറച്ചു കാര്യങ്ങൾ ചെയ്യുന്നുണ്ട്- ചെന്നിത്തല പറഞ്ഞു.

കോവിഡ് കാരണമാണോ പദ്ധതി മുടങ്ങിയതെന്നും 475 കോടിയുടെ പാക്കേജ് നടപ്പാക്കാൻ പോകുന്നു എന്ന് പറ‍ഞ്ഞിട്ട് എഴു വർഷം ആയിട്ടും നടപ്പാക്കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദി ആണോ എന്നും ചെന്നിത്തല ചോദിച്ചു.

TAGS :

Next Story