ജനൽ വഴി അകത്തേക്ക് കയ്യിട്ട് മുൻവശത്തെ വാതിൽ തുറന്നു, സ്വര്‍ണം കവര്‍ന്നു; മോഷണ രീതി കാണിച്ച് പ്രതി
അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഷാജഹാൻ പിടിയിലാകുന്നത്

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ മോഷണം നടന്ന വീട്ടിൽ മോഷ്ടാവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59) മോഷണം നടത്തിയ രീതി പൊലീസിനെ കാണിച്ചുകൊടുത്തു. ജനൽ വഴി അകത്തേക്ക് കയ്യിട്ട് മുൻവശത്തെ വാതിൽ തുറന്നാണ് വീടിനകത്ത് കടന്ന് സ്വർണ്ണം മോഷ്ടിച്ചത്.
ഷാജഹാന്റെ സഹായിയായ കുട്ടമശേരി കുമ്പിശേരി ആസാദ് (39) ആലുവ ബാങ്ക് ജംഗ്ഷനിലെ ഒരു സ്ഥാപനത്തിൽ സ്വർണം അഞ്ച് ലക്ഷത്തി എഴുപത്തയ്യായിരം രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഇവർ ഈ തുക വീതംവെച്ചു. വീതം കിട്ടിയ തുകയുടെ പകുതി, ആസാദിൽ നിന്ന് പൊലീസ് കണ്ടെത്തി. സ്വർണ്ണം, സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ സാന്നിധ്യത്തിൽ വീട്ടുകാർ സ്വർണ്ണം തിരിച്ചറിഞ്ഞു. അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഷാജഹാൻ പിടിയിലാകുന്നത്. രാസലഹരി കൈവശംവച്ചതിന് ഒന്നര വർഷമായി ആസാദ് മുട്ടം ജയിലിലായിരുന്നു. ജയിലിനകത്ത് വച്ചാണ് ഷാജഹാനും ആസാദും അടുത്തത്.
ഡിവൈഎസ്പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, എസ് ഐ മാരായ എൽദോസ്, കെ നന്ദകുമാർ ചിത്തുജി, എ എസ് ഐ വിനിൽ കുമാർ സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ ,മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.
Watch Video
Adjust Story Font
16

