രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നത് പൊതു ആവശ്യം: എം.വി ഗോവിന്ദൻ
'തെളിവുകൾ സഹിതം കേരളത്തിൽ മറ്റൊരു നേതാവിനെതിരെയും ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടില്ല'

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നുള്ളത് പൊതു ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരാതികളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് വർഷങ്ങൾക്കു മുൻപേ അറിവുണ്ടായിട്ടും സ്ഥാനമാനങ്ങൾ നൽകിക്കൊണ്ടിരുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
തെളിവുകൾ സഹിതം കേരളത്തിൽ മറ്റൊരു നേതാവിനെതിരെയും ഇത്രയധികം ആരോപണങ്ങൾ വന്നിട്ടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തു വന്നത്. എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി. പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു. ഈ പരാതിക്കു ശേഷമാണ് ജനപ്രതിനിധിയാകുന്നതടക്കമുള്ള സ്ഥാനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നത്. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.
കത്ത് വിവാദത്തിൽ എം.വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് ഷർഷാദ് മറുപടി നൽകിയരുന്നു. താൻ വ്യക്തിഹത്യ നടത്തിയിട്ടില്ല. കത്ത് ചോർത്തിയത് എം.വി ഗോവിന്ദന്റെ മകനാണെന്ന് സംശയമെന്നും കത്ത് താൻ എവിടെയും പങ്കുവെച്ചിട്ടില്ലെന്നുമായിരുന്നു ഷർഷാദിന്റെ മറുപടി. വിഷയത്തിൽ നിയമനടപടി തുടരുമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
Adjust Story Font
16

